പട്ടികവർഗ്ഗ സമൂഹങ്ങളുടെ പാരമ്പര്യ അറിവുകൾക്കും ഉൽപ്പന്നങ്ങൾക്കും ബൗദ്ധിക സ്വത്തവകാശ (IPR) നിയമസംരക്ഷണം ഉറപ്പാക്കുന്നതിനായി കിർടാഡ്സിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ത്രിദിന ശിൽപ്പശാല സംഘടിപ്പിച്ചു. അനധികൃത ചൂഷണം തടയുന്നതിനും ഭൗമസൂചിക (GI) വഴി വിപണി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും നിയമപരമായ അവബോധം നൽകുക എന്നതായിരുന്നു ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം.

കോഴിക്കോട്: പട്ടികവർഗ്ഗ സമൂഹങ്ങളുടെ പാരമ്പര്യ അറിവുകൾ, സാംസ്കാരിക പൈതൃകം, പരമ്പരാഗത ഉൽപ്പന്നങ്ങൾ, കരകൗശലവിദ്യകൾ എന്നിവയ്ക്ക് ബൗദ്ധിക സ്വത്തവകാശത്തിന്റെയും ഭൗമസൂചികയുടെയും (IPR-GI) നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാല സമാപിച്ചു. കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർടാഡ്സ്) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

'ബൗദ്ധിക സ്വത്തവകാശവും ഭൗമസൂചികയും' എന്ന വിഷയത്തെ ആസ്പദമാക്കി 2026 ഓഗസ്റ്റ് 13 മുതൽ 15 വരെ കിർടാഡ്സ് കോഴിക്കോട് ചേവായൂർ ക്യാമ്പസിലായിരുന്നു ശിൽപ്പശാല. പട്ടികവർഗ്ഗ സമുദായാംഗങ്ങൾക്ക് IPR, GI എന്നിവയെക്കുറിച്ച് പ്രായോഗികവും നിയമപരവുമായ അവബോധം നൽകുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. തലമുറകളായി കൈമാറിവരുന്ന പരമ്പരാഗത ചികിത്സാരീതികൾ, വനവിഭവങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ, തനത് കരകൗശല ഉൽപ്പന്നങ്ങൾ, കലാരൂപങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, ഭക്ഷണരീതികൾ, വിത്തുകൾ തുടങ്ങിയ അമൂല്യമായ പാരമ്പര്യ അറിവുകൾ അനധികൃതമായി ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും തടയുന്നതിനും യഥാർഥ അവകാശികളെ തിരിച്ചറിയുന്നതിനും ഐപിആര്‍ സംബന്ധിച്ച അവബോധം അനിവാര്യമാണെന്ന് ശിൽപ്പശാല ചൂണ്ടിക്കാട്ടി.

പ്രത്യേക പ്രദേശവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ തനിമ, ഗുണനിലവാരം, പാരമ്പര്യം എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രധാന സംവിധാനമായ ഭൗമസൂചിക (Geographical Indication – GI) പട്ടികവർഗ്ഗ സമൂഹങ്ങളുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കും കരകൗശലവിദ്യകൾക്കും കൂടുതൽ വിപണി സാധ്യതകൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ശിൽപ്പശാല വിലയിരുത്തി. ജിഐ ഉൾപ്പെടെയുള്ള ബൗദ്ധിക സ്വത്തവകാശ സംവിധാനങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ഈ സമൂഹങ്ങളുടെ സാമ്പത്തിക ശാക്തീകരണം, സംരംഭകത്വം, ഉപജീവന സുരക്ഷ, വിപണി സാധ്യത എന്നിവ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ബൗദ്ധിക സ്വത്തവകാശത്തിന്റെ അടിസ്ഥാന ആശയങ്ങൾ, പേറ്റന്റ്, ട്രേഡ്‌മാർക്ക്, കോപ്പിറൈറ്റ്, ഭൗമസൂചിക, പാരമ്പര്യ അറിവുകളുടെ സംരക്ഷണം, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, അവകാശങ്ങളുടെ പ്രായോഗിക പ്രയോജനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും പ്രായോഗിക സെഷനുകളും നടന്നു. പട്ടികവർഗ്ഗ സമൂഹങ്ങളുടെ പാരമ്പര്യ അറിവുകളും ഉൽപ്പന്നങ്ങളും തിരിച്ചറിയുകയും രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും വിപണന സാധ്യതകൾ കണ്ടെത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ശിൽപ്പശാലയിൽ ചർച്ച ചെയ്തു.

2026 ഓഗസ്റ്റ് 15-ന് വൈകുന്നേരം നടന്ന സമാപന സമ്മേളനം കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം എം എൽ എ അഡ്വ. ജയന്ത് ഉദ്ഘാടനം ചെയ്തു. കിർടാഡ്സ് ഡയറക്ടർ ഡോ. എസ് ബിന്ദു അധ്യക്ഷത വഹിച്ചു. കിർടാഡ്സ് ഉദ്യോഗസ്ഥർ, വിദഗ്ധർ, പരിശീലകർ, പട്ടികവർഗ്ഗ സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പട്ടികവർഗ്ഗ സമൂഹങ്ങളുടെ പാരമ്പര്യ അറിവുകളും വിഭവങ്ങളും സംരക്ഷിക്കുന്നതിനൊപ്പം അവയ്ക്ക് നിയമപരമായ അംഗീകാരവും സാമ്പത്തിക മൂല്യവും ഉറപ്പാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് കിർടാഡ്സ് അറിയിച്ചു.