റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020;നവകേരള നിര്‍മ്മിതിക്ക് കുട്ടികള്‍ക്കും നിര്‍ദ്ദേശിക്കാം:

By Web TeamFirst Published Nov 25, 2019, 7:47 PM IST
Highlights

വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മികച്ച സാങ്കേതിക പരിഹാരം നിര്‍ദ്ദേശിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്...

ഇടുക്കി: വിവിധ വകുപ്പുകളും സമൂഹവും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സാങ്കേതിക പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങുന്നു. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 സംഘടിപ്പിക്കുന്നു. 

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹാക്കത്തോണില്‍ പങ്കെടുക്കാം.  വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മികച്ച സാങ്കേതിക പരിഹാരം നിര്‍ദ്ദേശിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്. പുതിയ സോഫ്റ്റ് വെയര്‍ ഹാര്‍ഡ്‌വെയര്‍ പോളിസി തുടങ്ങി എന്തും നിര്‍ദ്ദേശമായി നല്‍കാം.  

ആദ്യഘട്ടത്തില്‍ പത്തോളം വിവിധ വകുപ്പുകളിലെ പ്രമേയങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ആറ് പേരടങ്ങുന്ന ടീമില്‍ രണ്ട് പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും  ഉണ്ടായിരിക്കണം. ഒരു സ്ഥാപനത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന ടീമുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രാഥമിക തെരഞ്ഞെടുപ്പിനായി നല്‍കിയിരിക്കുന്ന പ്രശ്‌നപ്രസ്താവനകള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണം. 

ഓരോ പ്രമേയത്തിലും മികച്ച പരിഹാരം നിര്‍ദ്ദേശിക്കുന്ന 30 ടീമുകളെ വീതം  ഫൈനല്‍ ഹാക്കത്തോണുകളിലേക്ക്  തെരഞ്ഞെടുക്കാം. ജനുവരി അവസാനം മുതല്‍ മാര്‍ച്ച് വരെ വിവിധ ജില്ലകളില്‍ വ്യത്യസ്ത പ്രമേയങ്ങളിലെ ഫൈനല്‍ ഹാക്കത്തോണുകള്‍ നടക്കും. ഫൈനല്‍ ഹാക്കത്തോണുകളിലേക്കും തെഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് അതത് ഹാക്കത്തോണുകള്‍ നടക്കുന്നതിന് 15 ദിവസം മുമ്പ് പ്രശ്‌നപരിഹാരത്തിനായി പുതിയ നിബന്ധനകള്‍ നല്‍കും. 

തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ മികച്ച മാതൃകകളുടെ രൂപരേഖ തയ്യാറാക്കുകയും ഹാക്കത്തോണ്‍ വേദിയില്‍ പ്രശ്‌നപരിഹാര മാതൃകകള്‍ അവതരിപ്പിക്കയും വേണം.  ഓരോ ഹാക്കത്തോണുകള്‍ക്കും 36 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. വിദഗ്ധ പാനല്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിലൂടെ വിജയികളെ തീരുമാനിക്കും. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.reboot.asapkerala.gov.in സൈറ്റ് സന്ദര്‍ശിക്കാം       ഫോണ്‍ 9495999784, 9495999793.

click me!