സഹജീവികള്‍ക്ക് വെള്ളം കരുതി കുരുന്നുകള്‍

By Web TeamFirst Published Mar 26, 2019, 9:43 PM IST
Highlights

മണ്‍ചട്ടികള്‍ക്ക് നിറം പൂശി വെള്ളം നിറച്ച് കിളി കുളിക്കുളം എന്ന പേരെഴുതി പച്ചക്കറി തോട്ടത്തോട് ചേര്‍ന്ന് മണ്‍ പൈപ്പുകളിലും മറ്റുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. 

മുഹമ്മ: കത്തിക്കാളുന്ന വെയിലില്‍ സഹജീവികള്‍ക്ക് ഇത്തിരി വെള്ളം കരുതി കാരുണ്യത്തിന്‍റെയും ഉറവ വറ്റാത്ത സ്‌നേഹത്തിന്‍റെയും പാഠങ്ങള്‍ സഹപാഠികള്‍ക്കും സമൂഹത്തിനും പകര്‍ന്നു നല്‍കുകയാണ് ഒരു കൂട്ടം കുരുന്നുകള്‍. മുഹമ്മ സിഎംഎസ് എല്‍ പി സ്‌കൂളിലെ കുട്ടി തോട്ടത്തില്‍ 'കിളി കുളിക്കുളം' ഒരുക്കിയാണ് പക്ഷികള്‍ക്ക് സംരക്ഷണമേകുന്നത്. ഹരിതോത്സവത്തിന്‍റെ ഭാഗമായി  ജൂലൈ 28ന് പ്രകൃതിസംരക്ഷണ ദിനാഘോഷ വേളയില്‍ ഒരുക്കിയ കിളി കുളിക്കുളം ഇപ്പോഴാണ് പക്ഷികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നത്. 

മണ്‍ചട്ടികള്‍ക്ക് നിറം പൂശി വെള്ളം നിറച്ച് കിളി കുളിക്കുളം എന്ന പേരെഴുതി പച്ചക്കറി തോട്ടത്തോട് ചേര്‍ന്ന് മണ്‍ പൈപ്പുകളിലും മറ്റുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ പൂച്ചകള്‍ക്ക് വെള്ളം കുടിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട് .  കുട്ടികളുടെ പച്ചക്കറി തോട്ടത്തിലെത്തുന്ന പക്ഷികളെ ആരും ഓടിക്കുകയുമില്ല. രണ്ടാം ക്ലാസ്  എ ഡിവിഷനിലെ കുട്ടികള്‍ അധ്യാപിക ഷേര്‍ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയ കിളി കുളിക്കുളം സ്‌ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും അദ്ധ്യാപകരുടെയും വീടുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി പ്രധാനാദ്ധ്യാപിക ജോളി തോമസ് പറഞ്ഞു. 

click me!