
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കുളിക്കെവെ ചുഴിയിൽ പെട്ട് മുങ്ങിപ്പോയ മൂന്ന് കുട്ടികളിൽ രണ്ട് പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വിഴിഞ്ഞം ടൗൺ ഷിപ്പിൽ ഉബൈദ് റഹ്മാന്റെ മകൻ മെഹ്റൂഫ് (13) , നിസാമുദീൻ - ഫാത്തിമകണ്ണ് ദമ്പതികളുടെ മകൻ നിസാർ (12) എന്നിവരാണ് മരിച്ചത്. ഹാർബർ കപ്പച്ചാലിൽ പീരുമുഹമ്മദിന്റെ മകൻ സുഫിയാനാണ് ആശുപത്രിയിലുള്ളത്.
കുട്ടി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. വൈകിട്ട് നാല് മണിയോടെ വിഴിഞ്ഞം ഐബിക്ക് സമീപം ചെറുമണൽ തീരത്താണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഇവിടെ എത്തിയ സുഹൃത്തുക്കളായ അഞ്ച് കുട്ടികളിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് ചുഴിയിൽ പെട്ട് മുങ്ങി താഴ്ന്നത്.
സംഭവം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തി സുഫിയാനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീരദേശ പൊലീസിന്റെയും മറൈൻ എൻഫോഴ്സിന്റെയും പട്രോൾ ബോട്ടുകളടക്കം നടത്തിയെ തെരച്ചിലിലാണ് അരമണിക്കൂറിന് ശേഷം നിസാറിനെ കടലിനടിയിൽ നിന്നും കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന നിസാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
അപകടത്തിന് ശേഷം കടലിൽ ഒരു മണിക്കൂറിലേറെ നടത്തിയ തെരച്ചിലിനാെടുവിലാണ് മെഹ്റൂഫിന്റെ മൃതദേഹം കണ്ടെത്താനായത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റൽ സർക്കിൽ ഇൻസ്പെക്ടർ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, കോവളം സി.ഐ.പ്രെെജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
ഇടുക്കി: തലയോലപ്പറമ്പ് കീഴൂർ (Keezhoor) ഡി ബി കോളേജിൽ (DB college) നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥി ഇടുക്കി ആനക്കുളത്ത് വലിയാർകട്ടി പുഴയിൽ മുങ്ങിമരിച്ചു. എം എ ജേർണലിസം (MA journalism) രണ്ടാം വർഷ വിദ്യാർത്ഥി കീഴൂർ മടക്കത്തടത്തിൽ ഷാജിയുടെ മകൻ ജിഷ്ണു (22) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആണ് സംഭവം. വിനോദ സഞ്ചാരത്തിനായി ചൊവ്വാഴ്ച മാങ്കുളത്ത് എത്തിയതായിരുന്നു പതിനാറ് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം.
ബുധനാഴ്ച ട്രക്കിംഗിനായി വനത്തിലൂടെയുള്ള യാത്രയിൽ കാൽ വഴുതി ജിഷ്ണു പുഴയിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകരും വിദ്യാർത്ഥികളും ബഹളം കേട്ട് ഓടി എത്തിയവരും കൂടി പുഴയിൽ നിന്ന് ജിഷ്ണുവിനെ കരയ്ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: പ്രഭ. സഹോദരി:അഞ്ജന.