
തൃശൂര്‍: സ്വകാര്യ ബസിലെ ജീവനക്കാരൻ യാത്രക്കാരായ പെണ്‍കുട്ടികളുടെ വീഡിയോ മൊബൈലിൽ പകര്‍ത്തിയതായി പരാതി. ബസില്‍ യാത്ര ചെയ്തിരുന്ന ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുന്ന പെണ്‍കുട്ടികളോട് ജീവനക്കാരന്‍ അപമര്യാദയായി സംസാരിച്ചെന്നും പെണ്‍കുട്ടികള്‍ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇത് രണ്ടാം തവണയാണ് ബസ് ജീവനക്കാരൻ മോശമായി പെരുമാറുന്നത്. ആദ്യ തവണ പെണ്‍കുട്ടികളുടെ ദൃശ്യം പകര്‍ത്തിയതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് കാര്യമാക്കിയില്ല. തൃത്തല്ലൂര്‍ കമല നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
ആദ്യ പരാതിയില്‍ പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതിന് പിന്നാലെയാണ് വീണ്ടും ബസ് ജീവനക്കാരൻ പെണ്‍കുട്ടികളുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്താത്തിയത്. ഇതോടെ വിദ്യാർത്ഥികള്‍ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത മുകുന്ദൻ വാടാനപ്പള്ളി പൊലീസില്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥികള്‍ കയറിയ അനുമോള്‍ ബസിലെ ജീവനക്കാര്‍ക്കെതിരേയാണ് പരാതി നൽകിയത്.
കഴിഞ്ഞ പത്താം തീയതി വൈകിട്ട് 4.30നാണ് ആദ്യ പരാതിക്കിടയായ സംഭവം. സ്കൂള്‍ വിട്ട് ബസില്‍ കയറാനെത്തിയ പെണ്‍കുട്ടികളെ കയറ്റാന്‍ ബസ് ജീവനക്കാര്‍ തയാറായില്ല. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം ഉണ്ടായില്ലെന്ന് പറയുന്നു. പതിനൊന്നാം തീയതി വൈകിട്ട് ക്ലാസ് കഴിഞ്ഞ് ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടികളോട് ജീവനക്കാരന്‍ അപമര്യാദയായി സംസാരിക്കുകയും എതിര്‍പ്പ് അവഗണിച്ച് ബസില്‍ കയറിയ പെണ്‍കുട്ടികളെ മൊബൈല്‍ കാമറയില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു.
ഇതോടെ പ്രിന്‍സിപ്പല്‍ വീണ്ടും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പല ദിവസങ്ങളിലും അധ്യാപകര്‍ കൂടെനിന്നാണ് വിദ്യാര്‍ഥികളെ ബസുകളില്‍ കയറാന്‍ സഹായിക്കുന്നത്. സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ തയാറാവുന്നില്ലെന്ന പരാതി മുമ്പും തൃശ്ശൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam