
തിരുവനന്തപുരം: സര്‍ക്കാര്‍ ഗ്രാന്‍റ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ മത്സ്യമേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. കേരള മത്സ്യബന്ധന വകുപ്പ്, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അനുവദിച്ചു വരുന്ന വിദ്യാഭ്യാസ ആനുകൂല്യത്തിൽ വലിയ രീതിയിൽ കുടിശ്ശിക വരുത്തിയതാണ് ഈ മേഖലയിലെ വിദ്യാർത്ഥികളുടെ വിഭ്യാഭ്യാസം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ ഫീസാനുകൂല്യം കൃത്യ സമയത്ത് ലഭ്യമാകാത്തതിനാൽ മത്സ്യമേഖലാ വിദ്യാർത്ഥികളുടെ തുടർ പഠനത്തിനാവശ്യമായ ടിസിയും മാർക്ക് ലിസ്റ്റും തടഞ്ഞുവച്ചിരിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് കേരള മത്സ്യമേഖലാ വിദ്യാർത്ഥി സമിതി ആരോപിക്കുന്നത്.
ഹോസ്റ്റൽ ഫീസ് അടക്കാനാകാതെ മത്സ്യമേഖലയിൽ നിന്നുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളും ഹോസ്റ്റലുകളിൽ നിന്നും പുറത്താക്കപ്പെടുകയും മത്സ്യമേഖലാ വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന ഹോസ്റ്റലുകൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യവുമുണ്ടെന്നും കേരള മത്സ്യമേഖലാ വിദ്യാർത്ഥി സമിതി ആരോപിച്ചു. ട്യൂഷൻ ഫീസ്, പരീക്ഷ ഫീസ് എന്നിവ അടക്കാനാവാതെ നിരവധി മത്സ്യമേഖലാ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ഇവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഈ വിഷയം ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് കേരള മത്സ്യ മേഖലാ വിദ്യാർത്ഥി സമിതി നിവേദനം നൽകിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് നൽകാനുള്ള ലംപ്‌സം ഗ്രാന്‍റ് കുടിശിക 53.91 കോടി രൂപയാണ്. ഇനിയും ഗ്രാന്‍റ് നൽകാന്‍ കാലതാമസമുണ്ടായാൽ സമരവുമായി മുന്നോട്ട് പോകുമെന്നാണ് വിദ്യാർത്ഥികൾ മുന്നറിയിപ്പ് നല്‍കുന്നത്. മെഡിക്കൽ പിജി വിദ്യാർത്ഥികൾക്ക് പോലും സര്‍ക്കാര്‍ ആനുകൂല്യം നിഷേധിച്ചിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും വിദ്യാർത്ഥിസമിതി ആരോപിക്കുന്നു.
അതേ സമയം ഫിഷറീസ് ഡയറക്ടര്‍, മത്സ്യബന്ധന തുറമുഖം വകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറിക്ക് മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിന് നല്‍കാനുള്ള, വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളെല്ലാം ചേര്‍ത്ത് കുടിശികയായ 5391 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. പോസ്റ്റ് മെട്രിക് വിഭാഗത്തിൽ 14 സംസ്ഥാനങ്ങളിലായി 3500 ലക്ഷം രൂപയും പ്രീമെട്രിക് വിഭാഗത്തിൽ 800 ലക്ഷം രൂപയുമാണ് ഫിഷറീസ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam