
ഇടുക്കി:മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ. കോളേജ് ലാബുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലെ ലാബ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഒരു വർഷം മുമ്പാണ് ആർട്സ് കോളേജ് വിദ്യാർത്ഥികൾക്കായി വിട്ടുകൊടുത്തത്. പ്രളയകാലത്ത് മണ്ണിടിഞ്ഞ് ആർട് കോളേജ് കെട്ടിടം പൂർണ്ണമായി തകർന്നതോടെയായിരുന്നു ഇത്.
മൂന്ന് മാസത്തേക്കായി പറഞ്ഞ് വിട്ടുകൊടുത്ത കെട്ടിടം ഒരു കൊല്ലമായിട്ടും തിരികെ കിട്ടിയില്ല. ഇതോടെ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ ലാബുമായി ബന്ധപ്പെട്ട പഠനം താറുമാറായി. ലാബ് വർക്കുകൾ ചെയ്യാൻ മറ്റ് കോളേജുകളെ ആശ്രയിക്കേണ്ട ഗതിയാണ് ഇപ്പോള്‍.
സൂചനസമരം നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതോടെയാണ് വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിലേക്ക് കടന്നത്. അതേസമയം നാളെ പ്രശ്നപരിഹാരത്തിനായി യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam