അധ്യാപകരെ ആക്രമിച്ച കേസ്; പുറത്താക്കിയ വിദ്യാര്‍ത്ഥികൾക്ക് പ്രത്യേക നിയമനം; പക്ഷേ, പരീക്ഷ എഴുതാനുള്ള ഹാജർ ഇല്ല

Published : Jun 11, 2023, 01:41 PM ISTUpdated : Jun 11, 2023, 02:37 PM IST
അധ്യാപകരെ ആക്രമിച്ച കേസ്; പുറത്താക്കിയ വിദ്യാര്‍ത്ഥികൾക്ക് പ്രത്യേക നിയമനം; പക്ഷേ, പരീക്ഷ എഴുതാനുള്ള ഹാജർ ഇല്ല

Synopsis

പരീക്ഷ എഴുതാനുള്ള ഹാജര്‍ നില പോലുമില്ലാത്ത വിദ്യാര്‍ത്ഥികളെയാണ് സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി മറ്റൊരു ഐടിഐയിൽ പുനപ്രവേശനം നൽകി പരീക്ഷ എഴുതാൻ അനധികൃതമായി അനുവദിച്ചിരിക്കുന്നത്

പള്ളിക്കത്തോട്: കോട്ടയം പള്ളിക്കത്തോട് ഗവ.ഐടിഐയിലെ ജീവനക്കാരെയും അധ്യാപകരെയും ആക്രിച്ച കേസില്‍ കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ഐടിഐയില്‍ തുടര്‍ പഠനത്തിന് അനുമതി. പള്ളിക്കത്തോട് ഗവ. ഐടിഐയിലെ  യൂണിയന്‍ ചെയര്‍മാന്‍ റോഷിന്‍ റോജോ, അനന്തു എസ് നായര്‍, പി ബി അതുല്‍, അഭിലാഷ് ഇ. വിജയന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ പുനപ്രവേശനം നല്‍കിയത്. 

2022 ഡിസംബര്‍ ആറിന് പള്ളിക്കത്തോട് ഐടിഐയിലേക്ക് പ്രസിന്‍സിപ്പാളിന്‍റെ അനുമതിയില്ലാതെ ക്രിസ്മസ് സ്റ്റാര്‍ തൂക്കാനായി റോഷിന്‍ റോജോവിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ലോറിയില്‍ മുളയുമായെത്തിയത് അധ്യാപകരും ജീവനക്കാരും ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ അന്ന് വൈകീട്ട് ഏഴ് മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന അധ്യാപകന്‍ മോബിന്‍ ജോസഫ്, ജീവനക്കാരായ വി എസ് ഹരി, ഷൈസണ്‍ ജിയോ ജോസ് എന്നിവരെ ഈ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒന്നാം മൈലില്‍ വച്ച് മുപ്പതോളം വരുന്ന ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു. ഈ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രതികള്‍ ഒളിവില്‍ പോവുകയും പിന്നീട് മുന്‍കൂര്‍ ജാമ്യമെടുക്കുകയുമായിരുന്നു. 

സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പാളിന്‍റെ ശുപാര്‍ശയില്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗിന്‍റെ അനുമതിയോടെ 2022 ഡിസംബര്‍ 7 -ാം തിയതി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ വിദ്യാര്‍ത്ഥികളെ ട്രെയിനിംഗില്‍ നിന്നും പുറത്താക്കി 2023 മാര്‍ച്ച് ആറാം തിയതി പ്രിന്‍സിപ്പാള്‍ ഉത്തരവിട്ടു. ഈ ഉത്തരവ് നിലനില്‍ക്കെ തന്നെയാണ് 2023 മെയ് 27 -ാം തിയതി, ഐടിഐ ജീവനക്കാരെ അക്രമിച്ച കേസില്‍ കുറ്റാരോപിതരായ ട്രെയിനികളെ തിരിച്ചെടുക്കണെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് ഉത്തരവിട്ടത്. ഈ ഉത്തരവില്‍ ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതോടെ കോട്ടയം ജില്ലയിലെ മറ്റ് ഏതെങ്കിലും സര്‍ക്കാര്‍ ഐടിഐയില്‍ പരീശീലനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ പ്രവേശനം അനുവദിക്കുകയും അതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം പള്ളിക്കത്തോട് ഐടിഐയിലെത്തി ഫീസ് അടയ്ക്കുകയും ചെയ്തു. എന്നാല്‍, ഹാജര്‍നില കുറവായതിനാൽ അനധികൃതമായി അറ്റൻഡൻസ് കൂട്ടി നൽകി വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഐടിഐകളില്‍ ഒരു അധ്യയന വര്‍ഷത്തെ ഹാജര്‍  എച്ച് 1, എച്ച് 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് കണക്കാക്കുന്നത്. ഇതില്‍ ഓരോ ഘട്ടത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് 80 ശതമാനം ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ പരീക്ഷയെഴുതാന്‍ കഴിയൂ. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിസംബര് 7 മുതലുള്ള സസ്പെന്‍ഷന് കാലാവധിയും, ഷോപ്പ് ഫ്ലോർ ട്രെയിനിങ്ങും, ഫോഴ്സ്ഡ് എലിജിബിലിറ്റിയായി നൽകാവുന്ന 10%  അറ്റൻഡൻസും ഹാജരായി കണക്കാക്കിയാല്‍ പോലും റോഷിന്‍ റോജോ (ഇലക്ട്രഷ്യന്‍ സീനിയര്‍), അനന്ദു എസ് നായര്‍ (ഇലക്ട്രീഷന്‍ സീനിയര്‍), അഭിലാഷ് ഇ വിജയന്‍ (ഇലക്ട്രോണിക് മെക്കാനിക് സീനിയര്‍), അതുല്‍ പി സി (ഇലക്ട്രോണിക് മെക്കാനിക് ജൂനിയര്‍) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 45 ശതമാനത്തിൽ താഴെയാണ് ഹാജര്‍ നില. 

ഐടിഐകളില്‍ തിയറി ക്ലാസുകളേക്കാള്‍ പ്രാധാന്യം പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കാണെന്നിരിക്കെ, ഈ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതലായി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അധികമായി നല്‍കിയാല്‍ പോലും ഒരു അധ്യയന വര്‍ഷം പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ നിലയിലേക്ക് എത്താന്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. ഇങ്ങനെ പരീക്ഷ എഴുതാനുള്ള ഹാജര്‍ നില പോലുമില്ലാത്ത വിദ്യാര്‍ത്ഥികളെയാണ് സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി മറ്റൊരു ഐടിഐയിൽ പുനപ്രവേശനം നൽകി പരീക്ഷ എഴുതാൻ അനധികൃതമായി അനുവദിച്ചിരിക്കുന്നത് എന്നതാണ് വ്യാപകമായി ഉയരുന്ന ആരോപണം.

യൂണിയന്‍ ചെയര്‍മാന്‍റെ നേതൃത്വത്തില്‍ അധ്യാപകരെ ആക്രമിച്ച വിദ്യാര്‍ത്ഥികളെ സ്റ്റാഫ് കൌണ്‍സിലിന്‍റെയും പിടിഎയുടെയും ശുപാര്‍ശ പ്രകാരമാണ് പുറത്താക്കിയത്‍. എന്നാല്‍, ഇപ്പോള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയിലെ തന്നെ മറ്റൊരു ഐടിഐയില്‍ പഠനത്തിന് അനുമതി നല്‍കിയതിലൂടെ തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നടപടി ഖേദകരമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് ഇന്‍സ്ട്രക്ടേഴ്സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്