
ഇടുക്കി: ഇടുക്കി ജലാശയത്തിന് കുറുകെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിനു സമീപം കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സാധ്യതാ പഠനം നടത്തി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും സംസ്ഥാന വനം വകുപ്പിന്‍റെയും അനുമതി നേടുന്നതിനുള്ള ആദ്യപടിയായാണ് പരിശോധന നടത്തിയത്. ഇടുക്കിയിലെ അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോൺക്രീറ്റ് പാലം പണിയുമെന്ന് ഇടുക്കി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് 1975 ൽ കെ എസ് ഇ ബി യും സർക്കാരും വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ കുടിയിറക്ക് കഴിഞ്ഞതോടെ തുടർ നടപടിയൊന്നുമുണ്ടായില്ല. അണക്കെട്ടിൽ വെള്ളം ഉയർന്നാൽ വർഷത്തിൽ ആറു മാസവും മറുകരയെത്താൻ മുളം ചങ്ങാടമായിരുന്നു നാട്ടുകാരുടെ ആശ്രയം. പാലത്തിനായി പ്രതിഷേധം ശക്തമായതോടെ 2008 ൽ കോൺക്രീറ്റ് പാലം നിർമിക്കാനുള്ള നടപടികൾ തുടങ്ങി. പുതിയ പാലത്തിനുള്ള കാലതാമസം കണക്കിലെടുത്ത് 2012 ൽ തൂക്കുപാലം പണിതു. 2013 ൽ പൊതുമരാമത്ത് വകുപ്പ് അനുയോജ്യമായ സ്ഥലം കണ്ടെത്തി പൈലിങ്ങും നടത്തി.
പിന്നീട് പണികളൊന്നും നടന്നില്ല. രണ്ടാം തവണയാണ് പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് പാലം എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിക്കായാണ് ജി പി എസ് സഹായത്തോടെ സ്ഥലം പരിശോധിച്ച് സാധ്യതാ പഠനം നടത്തിയത്. പരിസ്ഥിതി ആഘാത സാധ്യത പരിശോധിച്ച് സംസ്ഥാന വനം വകുപ്പ് നൽകുന്ന റിപ്പോർട്ടിനെ ആശ്രയിച്ചാകും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുക. ഇതിന് ശേഷമായിരിക്കും പാലത്തിൻറെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുക. ഇത്തവണ പാലം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നിരവധി കുടുംബങ്ങള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam