
തൃശൂർ: നവകേരള സദസിന്റെ പേരിൽ കുട്ടികൾക്കായി ടൂർ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഗുരുവായൂർ മണ്ഡലത്തിലാണ് നവകേരള സദസിന്റെ പേരിൽ കുട്ടികളുടെ മാനസികോല്ലാസത്തിനായി ടൂർ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഗുരുവായൂർ മണ്ഡലത്തിലെ തെരഞ്ഞടുത്ത വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായാണ് ടൂർ ഒരുക്കുന്നത്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്ര. അടുത്ത മാസം നാലിനാണ് ഗുരുവായൂരിൽ നവകേരള സദസ് നടക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പഠന യാത്ര. ഇത് സംബന്ധിച്ച് ആദ്യമിറക്കിയ വാർത്താക്കുറിപ്പ് പിആർഡി പിൻവലിച്ചു. ഉല്ലാസയാത്ര നവകേരള സദസ്സിലേക്ക് എന്ന ധ്വനിയോടെ ആയിരുന്നു വാർത്താക്കുറിപ്പ്. സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നതോടെ ടൂർ നടത്തുന്നു എന്ന് മാത്രമാക്കി വാർത്താക്കുറിപ്പ്. നവകേരള സദസിന്റെ തീയതി വ്യക്തമാക്കിയ ഭാഗമാണ് ഒഴിവാക്കിയത്.