സുബീറ ഫർഹത് തിരോധാനക്കേസ്: അൻവറിനെ കുരുക്കിയത് പോലീസിന്റെ തന്ത്രപ്രധാന നീക്കത്തിലൂടെ

By Web TeamFirst Published Apr 21, 2021, 2:07 PM IST
Highlights

തുടക്കത്തിൽ വ്യക്തമായ തെളിവുകൾ ലഭ്യമല്ലാത്ത കേസ് പോലീസിനെ കുഴക്കിയിരുന്നു. അന്വേഷണം വഴിമുട്ടുകയാണെന്ന് കണ്ട നാട്ടുകാരും വീട്ടുകാരും കേസിന് തുമ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും വാർത്താ സമ്മേളനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

വളാഞ്ചേരി: സുബീറ ഫർഹത് തിരോധാനക്കേസിലെ പ്രതി വരിക്കോടൻ അൻവറിനെ പോലീസ് കുരുക്കിട്ടത് വിദഗ്ധമായി. നാൽപ്പത് ദിവസം പിന്നിട്ട തിരോധാനക്കേസ് വളരെ സൂക്ഷ്മമായി അന്വേഷിച്ചാണ് പോലീസ് മൃതദേഹം കണ്ടെത്തുന്നതും പ്രതിയെ വലയിലാക്കുന്നതും. തുടക്കത്തിൽ വ്യക്തമായ തെളിവുകൾ ലഭ്യമല്ലാത്ത കേസ് പോലീസിനെ കുഴക്കിയിരുന്നു. അന്വേഷണം വഴിമുട്ടുകയാണെന്ന് കണ്ട നാട്ടുകാരും വീട്ടുകാരും കേസിന് തുമ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും വാർത്താ സമ്മേളനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

തുമ്പില്ലാതെ ആദ്യ നാളുകൾ

ആതവനാട് ചോറ്റൂർ സ്വദേശിയായ കബീറിന്റെ മകളായ സുബീറ ഫർഹതിനെ മാർച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്‍റല്‍ ക്ലിനിക്കിലെ സഹായിയായ സുബീറ ഫർഹത്ത് കാണാതായ ദിവസം രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങൾ തൊട്ടപ്പുറത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്നതിൽ ദുരൂഹത ബാക്കി നിന്നു.

മെബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

സുബീറയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും കാര്യമായ രീതിയിൽ മുന്നോട്ട് പോയില്ല. കാണാതായ ദിവസം രാവിലെ 9.04നാണ് സമീപത്തെ വീട്ടിലെ സിസിടിവിയിൽ സുബീറയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. എന്നാൽ 10.30 വരെ പ്രവർത്തിച്ചിരുന്ന ഫോൺ തുടർന്ന് സ്വിച്ച് ഓഫ് ആകുകയായിരുന്നു. അത്രയും സമയം തന്നെ വളാഞ്ചേരി ടവർ പരിസരത്ത് തന്നെയാണ് ഫോണുണ്ടായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ഒരുവർഷത്തെ ഫോൺ വിളികും മെസ്സേജുകളും മറ്റും പരിശോധിച്ചെങ്കിലും ദുരൂഹമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

സിസിടിവി എന്ന തുമ്പ്

കാണാതായ ദിവസം സുബീറയുടെ ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. രാവിലെ ജോലിക്കിറങ്ങിയ സുബീറയുടെ ദൃശ്യം 9.04നാണ് സിസിടിവിയിൽ പതിഞ്ഞത്. ഈ വീട് കഴിഞ്ഞ് ഷോർട്ട്കട്ട് വഴിയിലൂടെ സഞ്ചരിച്ചാണ് പ്രധാന പാതയിലേക്ക് സാധാരണ സുബീറ എത്താറ്. തുടർന്ന് വട്ടപ്പാറ സി ഐ ഓഫീസിന് സമീപത്തെ ബസ്‌സ്‌റ്റോപ്പിൽ നിന്ന് ബസ് കയറിയാണ് വെട്ടിച്ചിറയിലെ ക്ലിനിക്കിലേക്ക് പോകാറ്. എന്നാൽ ബസ് സ്‌റ്റോപ്പിൽ സുബീറ എത്തിയിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബസ് സ്്‌റ്റോപ്പിന് സമീപത്തെ സിസിസടിവിയിൽ സുബീറയുടെ ദൃശ്യം പതിഞ്ഞിട്ടില്ലായിരുന്നു. ഇതോടെയാണ് സുബീറ ഷോർട്ട് കട്ടിൽ നിന്നാണ് കാണാതായതെന്ന് പോലീസ് സംശയിച്ചു.

വീടിന് സമീപം വിജനമായ സ്ഥലം

സുബീറയുടെ വീടിന് സമീപം വിജനമായ ക്വാറി പ്രദേശമായിരുന്നു. അവിടെ വല്ല അപകടത്തിൽ പെട്ടതാകുമെന്ന് കരുതി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനടക്ക് ഇവിടെ കൂട്ടിയിട്ടിരുന്ന മണ്ണ് ഒറ്റ രാത്രികൊണ്ട് നിരപ്പാക്കിയത് സംശയത്തിനിടയാക്കി.

അന്വേഷണം അൻവറിലേക്ക്

ക്വാറിയിൽ കൂട്ടിയിട്ടിരുന്ന മണ്ണ് ഒറ്റ രാത്രികൊണ്ട് നിരപ്പാക്കിയതിൽ ദുരൂഹത തോന്നിയ പോലീസ് ആദ്യം അൻവറിനെ ചോദ്യം ചെയ്തിരുന്നു. സ്ഥലം നടത്തിപ്പുക്കാരനായ ഇയാൾ റോഡിന് വേണ്ടി നിരപ്പാക്കിയതാണെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. പക്ഷെ മൊഴിയിലെ വൈരുധ്യം വീണ്ടും സംശയത്തിനിടയാക്കി. തുടർന്നാണ് മണ്ണിടാനെത്തിയ ജെസിബി ഡ്രൈവറിനെ ചോദ്യം ചെയ്യുന്നത്.

ജെസിബി ഡ്രൈവറുടെ വെളിപ്പെടുത്തൽ

അൻവറിന്റെ നിർബന്ധ ബുദ്ധിക്ക് വഴങ്ങിയാണ് ഒറ്റ രാത്രികൊണ്ട് മണ്ണ് നിരപ്പാക്കിയതെന്ന് ജെസിബി ഡ്രൈവർ മൊഴി നൽകിയതോടെ അൻവറിനെ കുരുക്കാൻ പൊലീസിന് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. കാണാതായ മാർച്ച് 10ന് ശേഷം 12ാം തീയതിയാണ് മണ്ണ് നിരപ്പാക്കിയത്. അതും ഒറ്റ രാത്രികൊണ്ട് എന്തിന് നിരപ്പാക്കിയെന്ന ചോദ്യം പ്രതിയിലേക്കെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

click me!