റോഡില്‍ വീണ അഞ്ച് ലക്ഷവുമായി വാഹനത്തിന് പിന്നാലെ ഓടി തിരികെ നല്‍കിയ ഒന്‍പതാം ക്ലാസുകാരന്‍; സുബിന് അഭിനന്ദനപ്രവാഹം

By Web TeamFirst Published Oct 29, 2018, 3:08 PM IST
Highlights

സ്‌കൂളിൽ നിന്ന് മൂന്ന് ദിവസത്തെ വിനോദയാത്രയുടെ ഭാഗമായാണ് സുബിൻ രാമേശ്വരത്ത് എത്തിയത്. വഴിയരികില്‍ നിക്കുമ്പോഴാണ് ദൂരെ നടന്ന് പോകുന്ന ആളുടെ ബാഗിൽ നിന്ന് നോട്ടുകെട്ടുകൾ റോഡിലേക്ക് വീഴുന്നത് സുബിന്റെ ശ്രദ്ധയിൽപ്പെട്ടത്. കണ്ട ഉടനെ സുബിൻ ഉടമയെ ഉച്ചത്തിൽ വിളിച്ചെങ്കിലും ശ്രദ്ധിച്ചില്ല. തുടർന്ന് പണവുമായി സുബിൻ ഇദ്ദേഹത്തിന്റെ പുറകെ ഓടി

തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരന്‍റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് രാമേശ്വരം സ്വദേശിക്ക് റോഡിൽ നഷ്ട്ടപ്പെട്ട അഞ്ചു ലക്ഷത്തോളം രൂപ തിരികെ ലഭിച്ചു. അഞ്ചു തെങ്ങ് സെന്റ് ജസേഫ്‌സ് എച്ച്.എസ്.എസ് സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയും അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ സുന്ദർ രാജ് സുനിത ദമ്പതികളുടെ മകൻ സുബിൻ എസ് എന്ന വിദ്യാർത്ഥിയുടെ ഇടപെടലാണ് മറ്റുള്ളവർക്ക് മാതൃകയാകുന്നത്. 

സ്‌കൂളിൽ നിന്ന് മൂന്ന് ദിവസത്തെ വിനോദയാത്രയുടെ ഭാഗമായാണ് സുബിൻ രാമേശ്വരത്ത് എത്തിയത്. വഴിയരികില്‍ നിക്കുമ്പോഴാണ് ദൂരെ നടന്ന് പോകുന്ന ആളുടെ ബാഗിൽ നിന്ന് നോട്ടുകെട്ടുകൾ റോഡിലേക്ക് വീഴുന്നത് സുബിന്റെ ശ്രദ്ധയിൽപ്പെട്ടത്. കണ്ട ഉടനെ സുബിൻ ഉടമയെ ഉച്ചത്തിൽ വിളിച്ചെങ്കിലും ശ്രദ്ധിച്ചില്ല. തുടർന്ന് പണവുമായി സുബിൻ ഇദ്ദേഹത്തിന്റെ പുറകെ ഓടി. 

അപ്പോഴേക്കും ഇയാൾ വാഹനത്തിൽ കയറി മുന്നോട്ട് പോകാൻ ഒരുങ്ങി. എന്നിട്ടും സുബിൻ വിടാതെ  പിന്തുടർന്ന് ഓടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പണത്തിന്റെ ഉടമ വാഹനം നിറുത്തി സുബിനെ വാഹനത്തിന് പിന്നാലെ ഓടിയതിന് വഴക്ക് പറഞ്ഞു. അപ്പോഴാണ് സുബിൻ പൈസ റോഡിൽ വീണ കാര്യം പറഞ്ഞത്. തനിക്ക് പറ്റിയ അബദ്ധം മനസിലാക്കി ഇയാൾ സുബിനോട് നന്ദി പറഞ്ഞു. തിരികെ സ്‌കൂളിൽ എത്തിയ സുബിന് നാലുപാടും നിന്ന് അഭിനന്ദന പ്രവാഹമാണ്. സുബിന്റെ മാതൃക പ്രവർത്തനത്തിന് സ്‌കൂൾ അധികൃതർ പാരിതോഷികം നൽകി അഭിനന്ദിച്ചു.

click me!