കരൾ പകുത്തു വാങ്ങാൻ നിൽക്കാതെ സുബീഷ് യാത്രയായി

By Web TeamFirst Published Feb 4, 2019, 10:53 PM IST
Highlights

=സൗദിയിൽ ഡീസൽ മെക്കാനിക്കായിരുന്ന സുബീഷിന് അവിടെ വച്ച് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നുണ്ടായ അണുബാധ ആദ്യം കരളിനേയും പിന്നീട് വൃക്കകളേയും ബാധിക്കുകയായിരുന്നു

കുട്ടനാട് : കരൾ പകുത്തുവാങ്ങാൻ കാത്തുനിൽക്കാതെ സുബീഷ് (34) എന്നന്നേക്കുമായി യാത്രയായി.  മങ്കൊമ്പ് തെക്കേക്കരയിൽ മുപ്പത്തഞ്ചിൽചിറയിൽ മംഗളാനന്ദന്റെ മകൻ സുബീഷാണ് കരളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ്  മരണത്തിന് കീഴടങ്ങിയത്.

ശസ്ത്രക്രിയയ്ക്ക്വേണ്ടിവരുന്ന 30ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയാതിരുന്ന നിർദ്ധനകുടുംബത്തിന് സഹായവുമായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച് ഞായറാഴ്ച പ്രദേശത്ത് നടത്തിയ പിരിവിൽ 2.45ലക്ഷം രൂപയോളം കണ്ടെത്തിയിരുന്നു. സൗദിയിൽ ഡീസൽ മെക്കാനിക്കായിരുന്ന സുബീഷിന് അവിടെ വച്ച് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നുണ്ടായ അണുബാധ ആദ്യം കരളിനേയും പിന്നീട് വൃക്കകളേയും ബാധിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയോടെ ഡോക്ടർമാർ  വെന്റിലേറ്ററിന്റെ  സഹായത്താൽ സുബീഷിന്റെ ജീവൻ പിടിച്ച്  നിർത്തിയെങ്കിലും  ഇന്ന് രാവിലെ 11മണിയോടെ  നില വഴളാവുകയും മരണം സ്ഥിരീകരിക്കുകമായിരുന്നു. പിതാവിന്റെ സഹോദരി തങ്കമണിയും മാതാവിന്റെ സഹോദരി മിനിയും സുബീഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി തങ്ങളുടെ കരൾ പകുത്തു നൽകാൻ തയ്യാറായി അതിനുള്ള  പ്രാഥമിക  പരിശോധനയും കഴിഞ്ഞിരുന്നു

click me!