
മലപ്പുറം: കൃഷി ഒരിക്കലും നഷ്ടമല്ല, അറിഞ്ഞ് ചെയ്താല്‍ ലാഭമാണെന്നു പറയുകയും അത് തെളിയിക്കുകയും ചെയ്യുകയാണ് പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശിനിയായ ഖദീജ. ആത്മ സംതൃപ്തിക്ക് വേണ്ടി കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന വീട്ടമ്മ ഇന്ന് സംസ്ഥാനത്ത് തന്നെ മികച്ച കര്‍ഷകയും സംരംഭകയുമാണ്. കൃഷി വകുപ്പിന്റെ സഹായമാണ് തന്റെ വളര്‍ച്ചയ്ക്ക് കാരണമെന്ന് ഖദീജ പറയുന്നു. സൗദി അറേബ്യയിലെ താഴ്വരയുടെ പേരാണ് ഖദീജ കൃഷിയിടത്തിന് നല്‍കിയിട്ടുള്ളത്. കൊടികുത്തിമലയുടെ താഴവരയിലാണ് മനോഹരമായ ' തുവ ഫാം '. സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും ജൈവ രീതിയിലാണ് ഇവിടെയുള്ള കൃഷി.
ആകെ 18 ഏക്കറിലാണ് കൃഷി. മൂന്ന് ഏക്കര്‍ സ്ഥലത്ത് കവുങ്ങും, 3.5 ഏക്കര്‍ സ്ഥലത്ത് മാവും പ്ലാവും, ഒരു ഏക്കര്‍ സ്ഥലത്ത് കശുമാവും വാഴയും, മറ്റു പല വൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്. 10 സെന്റില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയും, 100 സ്‌ക്വയര്‍ മീറ്റര്‍ മഴമറയില്‍ പച്ചക്കറികളും, 300 ഓളം ഓര്‍ക്കിഡുകളും ഉണ്ട്. കൃഷിഭൂമിയുടെ അതിരുകളിലായി തീറ്റപ്പുല്‍ കൃഷിയും ഇവര്‍ ചെയ്യുന്നു. ഇതോടൊപ്പം മീന്‍, കോഴി, ആട്, പശു, തേനീച്ച എന്നിവയുമുണ്ട്.
2018 ലെ പ്രളയത്തില്‍ ഖദീജയുടെ കൃഷിയിടത്തിന് ഏറെ നാശം സംഭവിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ച ഖദീജയ്ക്ക് കൃഷി വകുപ്പ് അത് മാത്രമല്ല നല്‍കിയത്. സമ്മിശ്ര കൃഷിക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കി. അതാണ് ജീവിതത്തില്‍ വഴിത്തിരിവായത് എന്ന് ഖദീജ പറയുന്നു. സഹായം ലഭിച്ച ഖദീജ കുളം കുഴിച്ച് മീന്‍ വളര്‍ത്തല്‍ തുടങ്ങി. തേനീച്ച വളര്‍ത്തല്‍ തുടങ്ങിയതും ഇതിന് ശേഷമാണ്. ഫാം പ്ലാന്‍ പദ്ധതിയിലൂടെ ലഭിച്ച ധനസഹായം ഉപയോഗിച്ച് കറവപ്പശുവിനെ വാങ്ങുകയും പൂര്‍ണ്ണമായും ജൈവകൃഷിയിലേക്ക് മാറുകയും ചെയ്തു. ശാസ്ത്രീയമായ പരിചരണം പാലുത്പാദനം വര്‍ധിക്കാന്‍ കാരണമായി.
വരുമാനമില്ലാത്ത ഒരു ദിവസം പോലും ഉണ്ടാവരുത് എന്നതാണ് ലക്ഷ്യമെന്ന് ഖദീജ പറയുന്നു. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കിയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ജൈവ കൃഷി ആയതിനാല്‍ ഇവരുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പാലില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. ജൈവവളം, പഞ്ചഗവ്യം, ജീവാമൃതം പോലുള്ളവ ഉണ്ടാക്കി സ്വന്തം കൃഷിയിടത്തില്‍ ഉപയോഗിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.
മൂല്യവര്‍ധിത കൃഷിക്കൂട്ടം രൂപീകരിച്ചും കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. വാഴയില്‍ നിന്ന് ബനാനടോഫി, ചിപ്സ് പൗഡര്‍, കുന്നന്‍ കായപ്പൊടി, തേങ്ങയില്‍ നിന്നും വെര്‍ജിന്‍ ഓയില്‍, വെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, ചക്കയില്‍ നിന്നും ചിപ്സ്, ചക്ക പൗഡര്‍, തേനില്‍ നിന്നും തേന്‍ കാന്താരി, തേന്‍ വെളുത്തുള്ളി, തേന്‍ ഇഞ്ചി, ലിപ് ബാം, പെയിന്‍ബാം, സ്‌കിന്‍ ക്രീം, പാലില്‍ നിന്ന് നെയ്യ്, ബട്ടര്‍, മോര്, തൈര് എന്നിവ ഉത്പാദിപ്പിക്കുന്നു. തേനീച്ച വളര്‍ത്തലില്‍ കൃഷി വകുപ്പിന് വേണ്ടി പരിശീലനം നല്‍കുന്ന ട്രെയ്‌നര്‍ കൂടിയാണ് ഇവര്‍.
ഖദീജയുടെ മാതാവ് നല്ലൊരു കര്‍ഷകയായിരുന്നു. പ്രവാസിയായ പിതാവിന്റെ വരുമാനം ആശ്രയിക്കാതെ സ്വന്തം വരുമാനം അവര്‍ കണ്ടെത്തി. ചെറുപ്പത്തില്‍ തന്നെ ഉമ്മയില്‍ നിന്നും കൃഷി പാഠങ്ങള്‍ പകര്‍ന്ന് കിട്ടിയിരുന്നു എന്ന് ഖദീജ പറയുന്നു. ഉമ്മയുടെ ഉമ്മയും അവരുടെ ഉമ്മയും കൃഷിയില്‍ താത്പര്യം ഉള്ളവര്‍ ആയിരുന്നു. തോട്ടത്തിലെ മിക്ക ജോലികളും ചെയ്യുന്നത് ഖദീജ തന്നെയാണ്. അധികം ജോലി ഉണ്ടെങ്കില്‍ തൊഴിലാളികളെ പുറത്ത് നിന്നും വിളിക്കും. എന്നാലും മേല്‍നോട്ടം ഇവര്‍ തന്നെയാണ്. കൃഷിയുടെ പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഫാം സ്‌കൂള്‍, കൃഷി രീതി മനസ്സിലാക്കാന്‍ ഫാം വിസിറ്റ്, ഫാം ടൂറിസം എന്നിവ തുടങ്ങാനുള്ള പദ്ധതിയിലാണ് ഇന്ന് ഖദീജ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam