സ്ഥല പ്രശ്നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ആത്മഹത്യയെന്ന് ഭീഷണി; മൊബൈൽ ടവറില്‍ കയറിയ ഭിന്നശേഷിക്കാരനെ സാഹസികമായി താഴെയിറക്കി

By Web TeamFirst Published Nov 1, 2018, 1:57 PM IST
Highlights

സ്ഥലം സംബന്ധമായ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നിലെ മൊബൈൽ ടവറില്‍ കയറിയ ഭിന്നശേഷിക്കാരനായ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി. 

കാസര്‍കോട്: സ്ഥലം സംബന്ധമായ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നിലെ മൊബൈൽ ടവറില്‍ കയറിയ ഭിന്നശേഷിക്കാരനായ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി കെ മോഹന്‍ദാസ് (64) ആണ് കളക്ട്രേറ്റ് വളപ്പിലെ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 24 മണിക്കൂറിനുള്ളില്‍ തന്റെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ടവറിനു മുകളില്‍ നിന്നും ചാടിമരിക്കുമെന്നായിരുന്നു മോഹന്‍ദാസിന്‍റെ ഭീഷണി. 

പൊലീസും അഗ്നിശമന സേനാംഗങ്ങളും ഏറെ നേരം ശ്രമിച്ചെങ്കിലും ഇയാള്‍ താഴെ ഇറങ്ങാന്‍ തയ്യാറായില്ല. ഇതിനിടെ തന്‍റെ ആവശ്യങ്ങള്‍ എഴുതിയ കടലാസ് ഇയാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി താഴെക്ക് എറിഞ്ഞു കൊടുത്തു. എന്നാല്‍ ഈ കടലാസ് ടവറില്‍ കുടുങ്ങി. കടലാസ് എടുത്തുതരാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മോഹന്‍ദാസിനോട് ആവശ്യപ്പെട്ടെങ്കിലും നിങ്ങളാരെങ്കിലും കയറി എടുക്കണമെന്നായി ഇയാള്‍. ഒടുവില്‍ അഗ്നി ശമന സേനാംഗം കടലാസെടുക്കാനായി ടവറില്‍ കയറുകയും ഇയാളെ വട്ടം പിടിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാളെ താഴെ ഇറക്കിയത്. 

നീര്‍ച്ചാല്‍ വില്ലേജിലെ കൈവശ ഭൂമിക്ക്പട്ടയത്തിനായി 1999 മുതല്‍ കലക്ടറേറ്റില്‍ അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ ഒരോ തവണ വരുമ്പോഴും ഉദ്യോഗസ്ഥര്‍ ഓരോ കാരണങ്ങള്‍ പറ‍ഞ്ഞ് തനിക്ക് പട്ടയം നല്‍കിയില്ലെന്നും മോഹന്‍ദാസ് ആരോപിച്ചു. ഇന്ന് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുന്നേ കലക്ടറേറ്റിലെത്തിയ ഇയാള്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. 

click me!