
ആലപ്പുഴ: പോക്സോ കേസ് പ്രതി ഹരിപ്പാട് കോടതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വരാന്തയിലാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം. ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി ദേവരാജനാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വരാന്തയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു കോടതി വളപ്പിൽ നാടകീയ സംഭവം നടന്നത്. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം.
കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ ഹരിപ്പാട് പോലീസ് ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആത്മഹത്യാശ്രമത്തിന് ഹരിപ്പാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 2020 ൽ ആണ് കേസിനാസ്‍പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രണ്ടുമാസത്തിന് ശേഷമാണ് പിടികൂടിയത്.