രാജ്യത്തെ മികച്ച നൂറ് പൊലീസ് സ്‌റ്റേഷനുകളുടെ പട്ടികയില്‍ സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനും

By Web TeamFirst Published Oct 11, 2019, 8:20 PM IST
Highlights

തെരഞ്ഞെടുക്കപ്പെട്ട നൂറ് സ്റ്റേഷനുകളില്‍ നിന്നും മികച്ച പത്ത് സ്‌റ്റേഷനുകളെ കണ്ടെത്തുന്നതാണ് അടുത്തഘട്ടം. ഇതിനുള്ള പരിശോധനകള്‍ അടുത്ത ദിവസങ്ങളിലായി നടക്കും.

കല്‍പ്പറ്റ: രാജ്യത്തെ മികച്ച നൂറ് പൊലീസ് സ്‌റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച് സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ് വയനാടിന് അഭിമാനമായി സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനും ഇടംപിടിച്ചത്. ബത്തേരിയെ കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സ്‌റ്റേഷനും പട്ടികയിലുണ്ട്. 

തെരഞ്ഞെടുക്കപ്പെട്ട നൂറ് സ്റ്റേഷനുകളില്‍ നിന്നും മികച്ച പത്ത് സ്‌റ്റേഷനുകളെ കണ്ടെത്തുന്നതാണ് അടുത്തഘട്ടം. ഇതിനുള്ള പരിശോധനകള്‍ അടുത്ത ദിവസങ്ങളിലായി നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും രാജ്യത്തെ മികച്ച പത്ത് പൊലീസ്  സ്‌റ്റേഷനുകളെ തെരഞ്ഞെടുക്കുക. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് സ്‌റ്റേഷനിലെത്തി പരിശോധിക്കും. സ്‌റ്റേഷനുകളില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും.

പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ അഭിപ്രായങ്ങള്‍ ശേഖരിച്ചായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. കുറ്റന്വേഷണ മികവ്, കേസുകളുടെ എണ്ണം, അന്വേഷണം പൂര്‍ത്തിയാക്കുന്നതിലെ കാര്യക്ഷമത, ക്രമസമാധാനപാലനത്തിലെ ജാഗ്രത, പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങിയ 30 കാര്യങ്ങള്‍ പരിശോധിച്ചാണ് മികച്ച സ്‌റ്റേഷനുകളെ തിരഞ്ഞെടുക്കുന്നത്. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി വെള്ളിയാഴ്ച എഡിജിപിയും ശനിയാഴ്ച ഡിജിപിയും ബത്തേരിയില്‍ എത്തും. 

ക്രൈം ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്കിങ് സിസ്റ്റവുമായി ബന്ധിപ്പിച്ച് 2002 മുതല്‍ ബത്തേരി സ്‌റ്റേഷനിലെ മുഴുവന്‍ കേസ് രേഖകളും കമ്പ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീപീഡന കേസുകളില്‍ 50 എണ്ണം 60 ദിവസത്തിനുള്ളില്‍ നപടികള്‍ പൂര്‍ത്തിയാക്കി. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ആറു കേസുകളിലും 13 മോഷണക്കേസുകളില്‍ ആറെണ്ണത്തിനും നിശ്ചിത സമയത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. 60 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനായി. 1794 പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. 

പൊതുജന സൗഹൃദ, വനിതാശിശു-വയോജന-സൗഹൃദ പൊലീസ് സ്‌റ്റേഷന്‍ ആണ് സുല്‍ത്താന്‍ബത്തേരി. വുമണ്‍ ഹെല്‍പ്പ് ഡെസ്‌ക് ആന്‍ഡ് കൗണ്‍സിലിംഗ് സെന്റര്‍, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്റര്‍, ലൈബ്രറി തുടങ്ങിയവയും സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടക-തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക പൊലീസ് സ്‌റ്റേഷനാണ് സുല്‍ത്താന്‍ബത്തേരിയിലേത്.
 

click me!