സുനില്‍കുമാറും സുരേഷ് ഗോപിയും തൃശൂരിൽ വോട്ട് ചെയ്യും, യുഡിഎഫ് സ്ഥാനാര്‍ത്ഥി മുരളീധരന് വോട്ട് വട്ടിയൂര്‍ക്കാവിൽ

By Web TeamFirst Published Apr 25, 2024, 8:23 PM IST
Highlights

യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനു വട്ടിയൂര്‍ക്കാവിലാണ് വോട്ട്.

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും എല്‍ഡിഎഫ്. സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാറും തൃശൂരില്‍ വോട്ട് ചെയ്യും. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനു വട്ടിയൂര്‍ക്കാവിലാണ് വോട്ട്. കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവ് കാവടിയാര്‍ വാര്‍ഡിലെ ജവഹര്‍ നഗര്‍ സ്‌കൂളിലെ 86-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക.

വിഎസ് സുനില്‍ കുമാര്‍ രാവിലെ ഏഴിന് മുറ്റിച്ചൂര്‍ എ.എല്‍പി സ്‌കൂളിലെ 29-ാം നമ്പര്‍ ബൂത്തിലും സുരേഷ് ഗോപി മുക്കാട്ടുകര സെന്റ് ജോര്‍ജ് സി.എല്‍.പി. സ്‌കൂളിലെ 115-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്യും. സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക, ഭാര്യാമാതാവ് ഇന്ദിര, മക്കളായ ഗോകുല്‍, ഭാഗ്യ, മാധവ് എന്നിവരുമുണ്ടാകും. രാവിലെ 6.30നാണ് അദ്ദേഹം പോളിങ് സ്റ്റേഷനിലെത്തുക.

പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലാണു പദ്മജ വേണുഗോപാലിന് വോട്ട്. മന്ത്രി കെ രാജന്‍ അന്തിക്കാട് ഹൈസ്‌കൂളില്‍ വോട്ട് ചെയ്യും. തൃആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴി, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ രാവിലെ ഒമ്പതിനു തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളില്‍ വോട്ട് ചെയ്യും.

വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍

തൃശൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ര- ഇലക്ട്രോണിക് - സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന പെയ്ഡ് വാര്‍ത്തകളും സര്‍ട്ടിഫിക്കേഷനില്ലാതെ പ്രസിദ്ധീകരിക്കുന്ന/ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളും നിരീക്ഷിക്കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.) കളക്ടറേറ്റിലെ ഒന്നാം നിലയില്‍ സജ്ജമാക്കിയ 94-ാം ഹാളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിനുപുറമെ വ്യാജവാര്‍ത്തകളും നിരീക്ഷിക്കുന്നുണ്ട്. സെല്ലില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും മീഡിയ & കമ്മ്യൂണിക്കേഷന്‍ നോഡല്‍ ഓഫീസറുമായ എന്‍. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരാണ് നിരീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!