
കൊച്ചി: സബ്സിഡി സാധനങ്ങളില്ലാത്തതിനാല്‍ ആളും അനക്കവുമില്ലാതെ കാലിയാണ് ഇത്തവണത്തെ സപ്ലൈകോയുടെ ഉത്സവ ചന്തകള്‍. ചന്ത തുടങ്ങി രണ്ട് ദിവസമായിട്ടും പതിമൂന്ന് സബ്സിഡി സാധനങ്ങളില്‍ കൊച്ചിയിലുള്ളത് മൂന്നെണ്ണം മാത്രമാണ്. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ക്കാണെങ്കില്‍ ഒരിടത്തും വിലക്കുറവുമില്ല. നാളെ കഴിഞ്ഞ് മറ്റെന്നാള്‍ ഈസ്റ്റര്‍, അടുത്ത ആഴ്ച കഴിയുന്നതോടെ ചെറിയ പെരുന്നാളുമെത്തും. തൊട്ടു പിന്നാലെ വിഷുവായി. ചന്തകള്‍ തുറന്നില്ലെന്ന ചീത്തപ്പേര് ഒഴിവാക്കാൻ സംസ്ഥാനത്താകെ താലൂക്ക് കേന്ദ്രങ്ങളായി 83 ചന്തകള്‍ സപ്ലൈക്കോ തുറന്നിട്ടുണ്ട്.
നിലവിലുള്ള ഔട്ട്‍ലെറ്റുകളുടെ മുന്നില്‍ ഇങ്ങനെ ഒരു ബാനര്‍ കെട്ടിയതൊഴിച്ചാല്‍ നാട്ടുകാര്‍ക്ക് ചന്തകള്‍ കൊണ്ട് വേറെ ഗുണമൊന്നുമില്ല. കൊച്ചി ഉത്സവ ചന്തയിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിമൂന്ന് സബ്സിഡി സാധനങ്ങളില്‍ ഇവിടെയുള്ളത് അരിയും തുവരപരിപ്പും വെളിച്ചെണ്ണയും മാത്രം. പഞ്ചസാരയും ഉഴുന്നുപരിപ്പും കടലയുമടക്കം ബാക്കി സാധനങ്ങള്‍ എന്ന് വരുമെന്നതുപോലും ഇവര്‍ക്കറിയില്ല. കൊടുത്ത സാധനങ്ങളുടെ പണം കുടിശികയായതോടെ കരാറെടുത്ത കമ്പനികള്‍ സാധനം നല്‍കാത്തതാണ് പ്രതിസന്ധി.
ഏറെ നാളായുള്ള ഈ പ്രതിസന്ധി അടുത്തകാലത്തൊന്നും തീരുന്ന ലക്ഷണമില്ല. സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിച്ചത്. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചുകൊണ്ടാണ് പുതുക്കിയ വില വിവര പട്ടിക പുറത്തിറക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam