
ദില്ലി : കേരളത്തിലേക്ക് എയിംസ് വരുമെന്നാവര്‍ത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് തന്റെ ആഗ്രഹം. പാർലമെന്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴയ്ക്കായി വാദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ്. തന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കും. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്നും സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ പരാമര്‍ശം വിവാദത്തില്‍
ആദിവാസി വകുപ്പ് ഉന്നതകുലജാതന്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂവെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശം വന്‍ വിവാദത്തില്‍. ആ വകുപ്പ് ഭരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ദില്ലിയില്‍ ബിജപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നുു സുരേഷ് ഗോപിയുടെ ഈ പരമാര്‍ശം. ഉന്നത കുലജാതന്‍ ആദിവാസി വകുപ്പ് ഭരിക്കട്ടെയെന്ന് പറഞ്ഞ സുരേഷ് ഗോപി തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്ന് കൂടി വ്യക്തമാക്കിയതോടെ പ്രസ്താവന വലിയ ചര്‍ച്ചയായി.
ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുന്നാക്ക വിഭാഗങ്ങളുടെ കാര്യം നോക്കുന്ന വകുപ്പുകള്‍ ഭരിക്കട്ടെയെന്ന് കൂടി പറഞ്ഞെങ്കിലും ചര്‍ച്ചയായത് ഉന്നത കുലജാതന്‍ പ്രയോഗം. വംശീയ ചുവയുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ എന്‍ഡിഎ നേതാവായ സി കെ ജാനു തള്ളിപ്പറഞ്ഞു. പ്രതിപക്ഷവും കടുത്ത പ്രതിഷേധമറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam