
മലപ്പുറം: റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ പുറകില്‍ നിന്ന് തള്ളി താഴെയിട്ട് സ്വർണ്ണ മാല കവർന്ന പ്രതി പിടിയില്‍. കൊളത്തൂര്‍ വെങ്ങാട് വെളുത്തേടത്ത് പറമ്പിൽ വിജീഷിനെ (36) ആണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 14 നായിരുന്നു സംഭവം. അങ്ങാടിപ്പുറത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുമ്പോഴായിരുന്നു ഇയാള്‍ സ്ത്രീയെ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട് മാല പിടിച്ച് പറിച്ചത്. രണ്ടേമുക്കാല്‍ പവന്റെ മാലയാണ് കവർന്നത്.
അങ്ങാടിപ്പുറത്ത് ഹോട്ടലിലെ ശുചീകരണ ജീവനക്കാരിയായ മധ്യവയസ്കയുടെ മാലയാണ് കവർന്നത്. ഇവർ ജോലി കഴിഞ്ഞ് റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിറകെയെത്തി പിടിച്ച് വശത്തേക്ക് തള്ളിയിട്ടാണ് മാല പൊട്ടിച്ചത്. പിറകെ ഓടി ജോലിചെയ്യുന്ന സ്ഥാപനത്തില്‍ പോയി പറഞ്ഞ് ആളെ കൂട്ടി തിരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പ്രതിയെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ചും ബസ്, ഓട്ടോ ജീവനക്കാരോടും മറ്റും അന്വേഷണം നടത്തി.
തുടർന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീ ജോലി കഴിഞ്ഞ് വൈകീട്ട് നാലുമണിയോടെ റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ട്. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ ചോദ്യം ചെയ്യാനും കവര്‍ച്ച മുതല്‍ കണ്ടെത്താനും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ പേരില്‍ വേറെയും മോഷണക്കുറ്റങ്ങളുണ്ട്. സമാനമായി വഴിയിലൂടെ നടന്നു പോകുകയായിരുന്നു യുവതിയുടെ മാല പൊട്ടിക്കാൻ ഇയാള്‍ ശ്രമം നടത്തിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിർദ്ദേശാനുസരണം രൂപവത്കരിച്ച അന്വേഷണ സംഘത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ ഷിജോ സി. തങ്കച്ചന്‍, എ.എസ്.ഐ സുരേഷ്, സി.പി.ഒമാരായ സല്‍മാന്‍, മിഥുന്‍ എന്നിവരും ഡാന്‍സാഫ് സ്ക്വാഡുമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam