വോട്ട് ചെയ്യാന്‍ സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകള്‍ റദ്ദാക്കി; കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

By Web TeamFirst Published Jan 15, 2021, 10:19 PM IST
Highlights

ആറ് സര്‍വ്വീസുകള്‍ക്കായി ജോലി ചെയ്യേണ്ടിയിരുന്ന തൊഴിലാളികള്‍ക്ക് വേണ്ടി സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ ഒന്നരലക്ഷം രൂപയിലധികം സുല്‍ത്താന്‍ബത്തേരി ഡിപ്പോക്ക് നഷ്ടമുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്

കല്‍പ്പറ്റ: തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടി ആറ് സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ റദ്ദാക്കിയ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എ ടി ഒ) ഉള്‍പ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എ ടി ഒ കെ. ജയകുമാര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ എം. ഹരിരാജന്‍, ഡ്രൈവര്‍ (അദര്‍ഡ്യൂട്ടി വെഹിക്കിള്‍ സൂപ്പര്‍വൈസര്‍) പി. മുഹമ്മദ്കുട്ടി എന്നിവരെയാണ് കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ആറ് സര്‍വ്വീസുകള്‍ക്കായി ജോലി ചെയ്യേണ്ടിയിരുന്ന തൊഴിലാളികള്‍ക്ക് വേണ്ടി സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ ഒന്നരലക്ഷം രൂപയിലധികം സുല്‍ത്താന്‍ബത്തേരി ഡിപ്പോക്ക് നഷ്ടമുണ്ടായെന്നാണ് കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. 2020 ഡിസംബര്‍ 29-ന് ബത്തേരി ഡിപ്പോയില്‍നിന്ന് നടത്തേണ്ടിയിരുന്ന പത്തനംതിട്ട, തിരുവനന്തപുരം, കുമളി, മൂന്നാര്‍, പുനലൂര്‍, തിരുവനന്തപുരം മിന്നല്‍ എന്നീ സൂപ്പര്‍ക്ലാസ് സര്‍വീസുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ റദ്ദാക്കിയത്. 30-നായിരുന്നു തൊഴിലാളിസംഘടനകളുടെ ഹിതപരിശോധന. ഇതിനായി ജീവനക്കാര്‍ക്ക് വോട്ടുചെയ്യുന്നതിന് സര്‍വീസുകള്‍ അപ്പാടെ റദ്ദാക്കുകയായിരുന്നു.

തൊഴിലാളി സംഘടനകളുടെ വോട്ടെടുപ്പ് പോലെയുള്ള പരിപാടികള്‍ക്ക് മുന്‍കൂട്ടി തന്നെ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ ആസൂത്രണം ചെയ്യണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടാതെ പോകുകയായിരുന്നു. മാത്രമല്ല കൂടുതല്‍ വരുമാനം ലഭിക്കുന്ന സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ പൂര്‍ണമായും ഓടിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയതാണെന്നുമിരിക്കെ ഇതെല്ലാം ലംഘിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. തൊഴിലാളികളെ നയിക്കേണ്ടവര്‍ തന്നെ അലംഭാവം കാണിച്ചത് കാരണം കോര്‍പ്പറേഷന് ലഭിക്കേണ്ടിയിരുന്ന ഏകദേശം 1,56,892 രൂപ നഷ്ടപ്പെട്ടാനിടയായി എന്ന് സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്.

സൂപ്പര്‍ക്ലാസ് സര്‍വീസുകളില്‍ ജോലി ചെയ്യേണ്ടിയിരുന്ന ജീവനക്കാര്‍ക്ക് 30-ന് നടക്കുന്ന യൂണിയനുകളുടെ ഹിതപരിശോധനയില്‍ 29-ന് വൈകുന്നേരം അഞ്ചുവരെ മുന്‍കൂര്‍ വോട്ടുചെയ്യാമെന്ന തെറ്റായ നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 29-ന് രാവിലെ പത്തുവരെയായിരുന്നു മുന്‍കൂര്‍ വോട്ടുരേഖപ്പെടുത്തുന്നതിനായി അനുവദിച്ചിരുന്നത്. ജീവനക്കാര്‍ക്ക് ഈ വിവരം കൈമാറുകയോ, വോട്ടുചെയ്യുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയോ ചെയ്തിരുന്നെങ്കില്‍ വോട്ടവകാശം വിനിയോഗിക്കാനും സര്‍വീസുകള്‍ യഥാസമയം നടത്താനും കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍വ്വീസ് റദ്ദ് ചെയ്തതിനെതിരെ അന്ന് തന്നെ ഇതര തൊഴിലാളി സംഘടനകള്‍ പരാതി ഉന്നയിച്ചിരുന്നു.

click me!