
കല്‍പ്പറ്റ: വൈത്തിരിക്കടുത്ത് പൂക്കോട് വെറ്ററിനറി സര്‍വകലാശാല (Pookode Veterinary University) ഫാമിലെ കുതിരക്ക് ദാരുണാന്ത്യം. പേവിഷബാധയാണ് (Rabies) മരണകാരണമെന്നാണ് സംശയിക്കുന്നത്. അഞ്ചു വയസ്സുള്ള പോണി വിഭാഗത്തില്‍പെട്ട കുതിരയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു. പിന്നീട് ആരോഗ്യ സ്ഥിതി മോശമായി മൂന്നുദിവസം അവശനിലയില്‍ കിടന്നശേഷമാണ് കുതിര ചത്തത്.
ഫാമിലെ ലയത്തിനടുത്ത് ഗ്രൗണ്ടില്‍ കുതിരയുടെ അവസാനമണിക്കൂറുകള്‍ കണ്ണുനനയിക്കുന്നതായിരുന്നു. കാഴ്ച കണ്ടുനില്‍ക്കാനാവാത്ത സ്ഥിതിയായിരുന്നു. അതേ സമയം പേ വിഷബാധയേറ്റോയെന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വ്വകലാശാലയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് ജീവിനക്കാരും നാട്ടുകാരും പറയുന്നു.
ഫാമിലെ മൃഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഭീഷണിയായ നായ്ക്കളുടെ ശല്യം തടയാന്‍ പക്ഷേ പഞ്ചായത്തോ സര്‍വ്വകലാശാല ഉന്നതാധികാരികളോ നടപടിയികളൊന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേ സമയം പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന കുതിരക്ക് ചികിത്സ ഫലിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.
ഇത് രണ്ടാമത്തെ കുതിരയെയാണ് ഫാമിന് നഷ്ടമാകുന്നത്. കഴിഞ്ഞ മാസം കാലില്‍ വ്രണവുമായി ഗുരുതരാവസ്ഥയിലായിരുന്ന 20 വയസ്സുള്ള കുതിരയെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തതിനാല്‍ കോടതി അനുമതിയോടെ ദയാവധം നടത്തിയിരുന്നു. പഠനാവശ്യത്തിനാണ് കുതിരകളെ സര്‍വകലാശാലയിലെത്തിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam