
കല്‍പ്പറ്റ: ഒരു നെന്മണിയില്‍ നിന്നും രണ്ട് അരിമണി ലഭിക്കുന്ന അപൂര്‍വ്വയിനം നെല്‍ക്കൃഷി വിജയിപ്പിച്ച വയനാട്ടിലെ യുവകര്‍ഷകന് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം. നെന്മേനി പഞ്ചായത്തിലെ മാത്തൂര്‍ക്കുളങ്ങര സുനില്‍ കുമാറാണ് ബംഗാളില്‍ നിന്നെത്തിച്ച 'ജുഗല്‍' നെല്ലിനം വയനാട്ടില്‍ ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചത്.
പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, പഞ്ചാബ്, കര്‍ണാടക തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥകളില്‍ വിളയുന്ന നെല്ലിനങ്ങളാണ് സുനില്‍ വയനാട്ടില്‍ കൃഷി ചെയ്യുന്നത്. നാടന്‍ വിത്തിനങ്ങള്‍ക്കൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന നെല്ലിനങ്ങള്‍ കൂടി സമൃദ്ധമായി വിളയുന്നതാണ് സുനിലിന്‍റെ പാടങ്ങള്‍. ഇരുപതിലധികം മറുനാടന്‍ വിത്തുകള്‍ ഇതുവരെ വിജയകരമായി വിളവെടുത്തതായി സുനില്‍ പറഞ്ഞു.
ഒരു നെന്മണിയില്‍ നിന്നും രണ്ടും മൂന്നും അരിമണികള്‍ ലഭിക്കുന്ന ജുഗല്‍ ആണ് ഇത്തവണ താരമായത്. ഇത്തരം നെല്ലിനം വയനാട്ടില്‍ തന്നെ ആദ്യമാണെന്ന് സുനില്‍ പറയുന്നു. സുഹൃത്ത് വഴിയാണ് ബംഗാളില്‍ നിന്നും വിത്ത് ലഭിച്ചത്. ചാണകവളം കൂടുതലായി നല്‍കിയ ഭാഗത്തുണ്ടായിരുന്ന നെല്ലില്‍ നിന്ന് മൂന്ന് അരിമണികള്‍ വരെ ലഭിച്ചതായി ഇദ്ദേഹം അവകാശപ്പെടുന്നു.
അതേ സമയം രാസവളം ഉപയോഗിച്ച സ്ഥലത്താകട്ടെ സാധാരണ പോലെ ഒരു അരിമണിയാണ് ലഭിച്ചത്. ജുഗല്‍ വിത്ത് വിജയകരമായി വിളവെടുത്തതിനാണ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചത്. ജൈവരീതിയില്‍ വിവിധ തരം നെല്‍വിത്തുകള്‍ കൃഷിയിറക്കുന്നതിനൊപ്പം അപൂര്‍വ്വയിനങ്ങളുടെ ശേഖരമൊരുക്കുന്ന ശീലം കൂടി സുനിലുണ്ട്. മാത്തൂര്‍ക്കുളങ്ങരയിലെ ഇദ്ദേഹത്തിന്‍റെ തറവാട് വീട് കേരളത്തില്‍ തന്നെ വേറിട്ടയിനം നെല്‍വിത്തുകളാല്‍ നിറയുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam