
കണ്ണൂർ: വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയതുകൊണ്ട് കഴിഞ്ഞ ദിവസം തളിപ്പറമ്പിലുണ്ടായത് വൻ നാശനഷ്ടം. ടാങ്ക് നിറഞ്ഞൊഴുകി വീടുകളിൽ വെളളം കയറി. കൂടാതെ വളർത്തുമൃഗങ്ങൾ ചത്തു. ആടിക്കുംപാറ പ്രദേശത്തെ റോഡും തകർന്നു. മഴയില്ലാത്തൊരു രാത്രിയിലാണ് തളിപ്പറമ്പ് ആടിക്കുംപാറയിലെ വീടുകളുടെ മുറ്റത്ത് നിറയെ വെളളമെത്തിയത്. ഒപ്പം കുത്തിയൊലിച്ചെത്തി ചെളിയും കല്ലും. കുഴൽക്കിണറിൽ ചെളി നിറഞ്ഞു. വീടുകളുടെ മതിലിടിഞ്ഞു. റോഡിൽ വൻ ഗർത്തം. വെളളം മൂടിയതോടെ വീട്ടുവളപ്പിലെ കൂട്ടിലുണ്ടായിരുന്ന കോഴികൾ ചത്തു. ആകെ നാശം.
വെളളം കുതിച്ചെത്തിയത് ആടിക്കുംപാറയിലെ കുന്നിൻമുകളിലുളള വാട്ടർ അതോറ്റിയുടെ ജലസംഭരണിയിൽ നിന്ന്. നാട്ടുകാർ നോക്കുമ്പോൾ ടാങ്ക് നിറഞ്ഞൊഴുകുന്നു. അവിടെയെത്തി ഓപ്പറേറ്ററെ വിളിച്ചു. ടാങ്ക് നിറയ്ക്കാനുളള സ്വിച്ച് ഓൺ ചെയ്ത് ഓപ്പറേറ്റർ ഉറങ്ങിയതാണ് ദുരന്തമായത്. സംഭവത്തെ തുടർന്ന് കിണറുകൾ ഉപയോഗശൂന്യമായി. റോഡും തകർന്നു. ആടിക്കുംപാറയിലെ ജലസംഭരണി നാട്ടുകാർക്ക് ഭീഷണിയാകുന്നത് ആദ്യമായല്ല. ടാങ്കിലേക്ക് വെളളം നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി മോട്ടോർ ഓഫ് ആകുന്ന സംവിധാനം ഇടിമിന്നലിൽ നശിച്ചിരുന്നു. അത് ശരിയാക്കുമെന്ന് കഴിഞ്ഞ തവണ നിറഞ്ഞൊഴുകിയപ്പോൾ ഉറപ്പുനൽകിയതാണ്. എന്നാൽ ഇതുവരെ നടപ്പായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam