യുവാവിന്‍റെ അപകട മരണം; നിര്‍ത്താത പോയ പിക്കപ്പ് ഡ്രൈവറെ പൊലീസ് തമിഴ്നാട്ടിലെത്തി പൊക്കി

By Web TeamFirst Published Aug 25, 2021, 6:41 AM IST
Highlights

അപകടം നടന്നതായി മനസിലാക്കിയിട്ടും ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. വാനിന്റെ പൊട്ടി വീണ ഭാഗങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പാണ്ടിക്കാട്: പെരിന്തല്‍‌മണ്ണ കോളനിപ്പടി സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ശങ്കർ ഗണേശനെയാണ് പൊലീസ് തമിഴ്നാട്ടിലെത്തി  പൊക്കിയത്. ആഗസ്റ്റ് 13ന് കാഞ്ഞിരപ്പടിക്ക് സമീപമാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശി ശങ്കർ ഗണേഷ് ഓടിച്ചിരുന്ന മഹീന്ദ്ര ബൊലേറൊ പിക്കപ്പ് വാൻ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ബൈക്കോടിച്ചിരുന്ന കോളനിപ്പടി സ്വദേശി മമ്പാടൻ മുഹമ്മിലി (20) ന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് യുവാവ് മരണപ്പെട്ടത്. അപകടം നടന്നതായി മനസിലാക്കിയിട്ടും ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. വാനിന്റെ പൊട്ടി വീണ ഭാഗങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാൻ തിങ്കളാഴ്ച പൊലീസ് കണ്ടെടുത്തത്.

വാഹനത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് അപകടസമയം വണ്ടി ഓടിച്ചിരുന്നത് ഡ്രൈവർ ശങ്കർ ഗണേഷാണെന്ന് തിരിച്ചറിയുന്നത്. ഇയാളോട് പിന്നീട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. പൊലീസ് പിടികൂടുമ്പോൾ വാഹനത്തിന്റെ പൊട്ടിയ ഭാഗം റിപ്പയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കലടക്കമുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ശങ്കർ ഗണേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സി ഐ റഫീഖിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. എസ്‌ഐമാരായ അരവിന്ദൻ, രാധാകൃഷ്ണൻ, എ എസ് ഐ അബ്ബാസ്, സി പി ഒ മാരായ മിർഷാദ് കൊല്ലേരി, നൗഷാദ്, ജയൻ, ഷമീർ കൊല്ലേരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!