
വയനാട്: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തി വയനാട് പുൽപ്പള്ളിയിൽ നാലംഗ സംഘത്തിന്‍റെ തട്ടിപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വെട്ടത്തൂരിലെ വാച്ച് ടവറിൽ നാല് ദിവസം താമസിച്ചവരെ കണ്ടെത്താൻ പുൽപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
സൗജന്യ താമസ സൗകര്യത്തിന് പുറമേ ഇവർക്കാവശ്യമായ ഭക്ഷണവും വനപാലകർ എത്തിച്ചു നൽകിയിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്‍റെ വാച്ച് ടവറിൽ കഴിഞ്ഞ ജൂലൈ 25 മുതൽ 29 വരെയാണ് നാലംഗ സംഘം എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും ഉന്നത ബന്ധങ്ങളുണ്ടെന്നും പറഞ്ഞാണ് എല്ലാ ആനുകൂല്യങ്ങളും പറ്റിയത്.
അപരിചിതരായ നാല് പേർ വനത്തിലെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇതിന് മുമ്പേ സംഘം വയനാട് കടന്നിരുന്നു. കുപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് നേരത്തെ ബത്തേരി പൊലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവർ നൽകിയ ആധാർ കാർഡിലെ വിലാസത്തിൽ അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ല. 30 വയസിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ.
പട്ടാളത്തിൽ മേജറാണെന്നും വിവിധ അന്വേഷണങ്ങൾക്കായി എത്തിയതാണെന്നും ഉദ്യോഗസ്ഥരെ സംഘം തെറ്റിദ്ധരിപ്പിച്ചു. നിരവധി ഫയലുകളും ഇവരുടെ പക്കലുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലക്കാരാണ് തട്ടിപ്പ് സംഘമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫിസിലുള്ളവർ ജില്ലയിൽ എത്തുമ്പോള്‍ പൊലീസ്റ്റ് സ്റ്റേഷനുകളിൽ വിവരം അറിയിക്കണമെന്നാണ്. എന്നാൽ യാതൊരു വിധ അന്വേഷണവും നടത്താതെയാണ് വനം വകുപ്പ് ഇവർക്ക് താമസ സൗകര്യത്തിന് അനുമതി നൽകിയത്. ചെറുമരങ്ങൾ മുറിച്ച് തോടിന് കുറുകെ പാലം കെട്ടിയതിന് വനം വകുപ്പും ഇവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam