
ചേലക്കര: പരക്കാട് മംഗലത്ത് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. തമിഴ്നാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വജിയ(16) ആണ് മരിച്ചത്. പരക്കാടുള്ള ബന്ധുവീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. ക്വാറി പരിസരത്ത് നിൽക്കവേ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പോലീസും, ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്ത് രണ്ടിടത്തായി അപകടം: മൂന്ന് പേർക്ക് പരിക്ക്, അഞ്ച് വാഹനം തകർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വയനാട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചപ്പോൾ പത്തനംതിട്ടയിലെ അടൂരിൽ ബസും കാറും ബൈക്കും കൂട്ടിയിടിച്ചു. വയനാട് തൃക്കൈപ്പറ്റയിലാണ് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
തൃക്കൈപ്പറ്റ ഉറവിന് സമീപമായിരുന്നു അപകടം. മുക്കംകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട അടൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ കൊടുമൺ സ്വദേശി രാജേഷിന് പരിക്കേറ്റു. ബസ്സ് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച ശേഷം കാറിലേക്ക് ഇടിക്കുകയായിരുന്നു. ആർക്കും ഗുരുതര പരിക്കില്ല. വാഹനങ്ങൾ ഭാഗികമായി തകർന്നു.
വിദ്യാർത്ഥിനിയുടെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ ബസ്സിന്‍റെ പിന്‍ചക്രം കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നെയ്യാറ്റിന്‍കരയില്‍ രാവിലെ 9.45 നാണ് അപകടം നടന്നത്. പൂവാര്‍ സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്കാണ് പരിക്കേറ്റത്. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചിട്ട ബസ്സിന്‍റെ പിന്‍ ചക്രങ്ങള്‍ കാലിലൂടെ കയറുകയായിരുന്നു. തമിഴ്നാട് ട്രാന്‍സ്പോര്‍ട് ബസ്സാണ് ഇടിച്ചിട്ടത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam