വാഹനത്തില്‍ നിന്ന് സാഹസികമായി നീന്തി രക്ഷപെട്ടെങ്കിലും കാറില്‍ നിന്ന് വിലപ്പെട്ട ചില സാധനങ്ങള്‍ എടുക്കാന്‍ തിരികെ വീണ്ടും വാഹനത്തിനടുത്തേക്ക് നീന്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മനാമ: ബഹ്റൈനില്‍ പാലത്തില്‍ നിന്ന് കാര്‍ കടലിലേക്ക് പതിച്ച് പ്രവാസി മലയാളി മരിച്ചു. കഴിഞ്ഞ ദിവസം സിത്റ കോസ്‍വേയിലായിരുന്നു അപകടം. ബഹ്റൈനില്‍ ബിസിനസ് നടത്തുകയായിരുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ (42) ആണ് മരിച്ചത്.

കോസ്‍വേയിലൂടെ കാറോടിക്കവെ വാഹനം നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് സാഹസികമായി നീന്തി കരയിലെത്തിയെങ്കിലും കാറില്‍ നിന്ന് വിലപ്പെട്ട ചില സാധനങ്ങള്‍ എടുക്കാന്‍ തിരികെ വീണ്ടും വാഹനത്തിനടുത്തേക്ക് നീന്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാതിവഴിയില്‍ തിരമാലകളില്‍ അകപ്പെട്ട് ജീവന്‍ നഷ്ടമാവുകയായിരുന്നു. രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മൃതദേഹം പിന്നീട് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. 

കുടുംബത്തോടൊപ്പം ഉമ്മു അല്‍ ഹസ്സാമിലാണ് ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ താമസിച്ചിരുന്നത്. ഭാര്യ വിദ്യ ബഹ്റൈനില്‍ സ്‍കൂള്‍ അധ്യാപികയാണ്. മക്കള്‍ - അഭിജിത്ത്, മാളവിക, ദേവിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Scroll to load tweet…

Read also: അവധിദിവസത്തെ സന്തോഷം മായ്ച്ച് കൂറ്റന്‍ തിരമാല; സലാലയില്‍ കുട്ടികള്‍ കടലില്‍ വീഴുന്നതിന്റെ വീഡിയോ

യുഎഇയില്‍ ബാരല്‍ പൊട്ടിത്തെറിച്ച് പ്രവാസി തൊഴിലാളി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ ബാരല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. 

34കാരനായ തൊഴിലാളിയാണ് മരിച്ചത്. എമിറേറ്റിലെ അല്‍ സജ്ജ ഏരിയയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പട്രോള്‍ ആന്‍ഡ് നാഷണല്‍ ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തക സംഘം തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊഴിലാളിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാകൂ.