
ചാരുംമൂട്: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത തമിഴ്നാട് സ്വദേശിനി പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശിയായ മീനാക്ഷി(24)യെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. ആനയടി വയ്യാങ്കര സ്വദേശിയായ വീട്ടമ്മയുടെ പണം അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്.
ആനയടി സ്വദേശി ചാരുംമൂട്ടിലേക്ക് സ്വപ്ന എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതറിഞ്ഞത്. സംശയം തോന്നി തമിഴ്‌നാട്ടുകാരിയെ ചോദ്യം ചെയ്തെതെങ്കിലും ബാഗ് കണ്ടെത്താനായില്ല. ചാരുംമൂട്ടിൽ ബസ് ഇറങ്ങിയ യാത്രക്കാരി നേരെ നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഹൗസ് ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസിനെ പിൻതുടർന്നു കായംകുളത്തെത്തി മീനാക്ഷിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നിന്നും 2800 രൂപ, എടിഎം കാർഡ്, ആധാർ കാർഡ് അടങ്ങിയ ബാഗ് കണ്ടെടുത്തു.
വെട്ടിക്കോട്ട് ആയില്യം മഹോത്സവം പ്രമാണിച്ച് ഒരു സംഘം സ്ത്രീമോഷ്ടാക്കൾ ചാരുംമൂട്, വെട്ടിക്കോട്, കറ്റാനം കേന്ദ്രീകരിച്ച് എത്തിയതായി പൊലീസ് മുന്നറിയിപ്പ് നൽകി. തിരക്കേറിയ ബസുകളിലും, ആൾകൂട്ടത്തിനിടയിലും കടന്ന് സ്വർണ്ണാഭരണങ്ങൾ അടക്കം മോഷ്ടിക്കാൻ സാധ്യതയുള്ളതായും ഇത്തരക്കാരെ തിരിച്ചറിഞ്ഞാൽ വിവരം പൊലീസിനു കൈമാറണമെന്നും നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജു പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam