
ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. മധ്യപ്രദേശ് സ്വദേശി വസന്തിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് ലമൂർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സേനാപതി വെങ്കലപ്പാറയിൽ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. തോട്ടം തൊഴിലാളിയായി വസന്തി കഴിഞ്ഞ രണ്ടു ദിവസമായി ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിലാണ് കൊലപാകം സ്ഥിരീകരിച്ചത്. വസന്തിക്ക് ക്രൂരമർദ്ദനം ഏറ്റിരുന്നു. വാരിയെല്ല് പൊട്ടി ഉണ്ടായ ആന്തരിക രക്തസ്രാവം ആണ് മരണ കാരണം. തുടർന്ന് വാസന്തിയുടെ സുഹൃത്ത് ലമൂർ സിംഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. മധ്യപ്രദേശ് സ്വദേശികളായ ഇരുവരും ഏറെനാളായി ഒരുമിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ഒരേ തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഇവർ.
കഴിഞ്ഞ ദിവസം മദ്യപിച്ചതിനെ തുടർന്നുളള തർക്കത്തിലാണ് വസന്തിയെ മർദ്ദിച്ചതെന്ന് ലമൂർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചവിട്ടേറ്റാണ് വാരിയെല്ല് തകർന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ചവിട്ടിക്കൊലപ്പെടുത്തിയെന്നു ലമൂർ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് ഇന്ന് ലമൂറിനെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനും വേണ്ടി ലമൂറിനെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam