ശരിക്കും പേര് ദിലീപ്, പക്ഷേ ചിലർ വിളിക്കുന്നത് 'ജോണ്‍ സാമുവല്‍', ദിവസങ്ങളോളം നിരീക്ഷണം, പുലർച്ചയെത്തി പൊക്കി
കൊല്ലം സ്വദേശിയായ ദിലീപ് കഴിഞ്ഞ 15 വര്‍ഷമായി പറമ്പില്‍ ബസാറില്‍ താമസിച്ചു വരികയാണ്. തയ്യില്‍താഴം, പറമ്പില്‍ ബസാര്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ് സംഘം ഇയാളെ കുറേ നാളുകളായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിപണന റാക്കറ്റിലെ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പറമ്പില്‍ ബസാറിലെ താമസക്കാരനായ ദിലീപ് ഹരിദാസിനെയാണ് സിറ്റി ഡാന്‍സാഫ് ടീമും ചേവായൂര്‍ പൊലീസും ചേര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചോടെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.
മയക്കുമരുന്ന് വില്‍പനക്കാര്‍ക്കിടയില്‍ ജോണ്‍ സാമുവല്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ദിലീപ് കഴിഞ്ഞ 15 വര്‍ഷമായി പറമ്പില്‍ ബസാറില്‍ താമസിച്ചു വരികയാണ്. തയ്യില്‍താഴം, പറമ്പില്‍ ബസാര്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ് സംഘം ഇയാളെ കുറേ നാളുകളായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. പുലർച്ചെ നടത്തിയ പരിശോധനയിൽ 7.5 ഗ്രാം എം.ഡി.എം.എ പ്രതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് വലിയ തോതില്‍ എം.ഡി.എം.എ എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി കോഴിക്കോട് ജില്ലയിൽ വിദ്യാര്‍ത്ഥികള്‍ക്കടക്കം എത്തിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഇടപാടുകാരെ കണ്ടെത്താന്‍ വാട്ട്സ്ആപ്പടക്കം പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം വരെ ഒരുക്കിയാണ് ഇയാള്‍ മയക്കുമരുന്ന് വിപണന ശൃംഖല വ്യാപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കസബ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Read More : ഷിരൂര്‍ ദൗത്യം; തെരച്ചിൽ നിർത്തി, ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചിൽ, വീണ്ടും പ്രതിസന്ധി