മുറിവുണക്കിയ നിഷയും കൂട്ടരും പറഞ്ഞു 'രാജു' അനുസരിച്ചു; ഇനി ജീവിതം കാപ്പുകാട്

By Web TeamFirst Published May 12, 2021, 10:07 PM IST
Highlights

മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ നിന്നും രക്ഷിച്ചെടുത്ത കുട്ടിയാനക്ക് താങ്ങായി വനംവകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി ഡോക്റ്ററും, സ്നേഹപരിചരണം നൽകി റാപിഡ് റെസ്‌പോൺസ് സംഘവും. 

തിരുവനന്തപുരം: മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ നിന്നും രക്ഷിച്ചെടുത്ത കുട്ടിയാനക്ക് താങ്ങായി വനംവകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി ഡോക്റ്ററും, സ്നേഹപരിചരണം നൽകി റാപിഡ് റെസ്‌പോൺസ് സംഘവും. ചൊവാഴ്ച രാവിലെ കാപ്പുക്കാടെത്തുമ്പോൾ വാഹനത്തിൽ ഒരുക്കിയ പ്രത്യേക കൂട്ടിൽ കുറുമ്പുകാട്ടി നിൽപായിരുന്നു രാജു. ഡോക്ടർ നിഷയും കൂട്ടരും കൊഞ്ചിച്ചും ഉമ്മ കൊടുത്തും ചെറുവാശിയുള്ള കുട്ടികളെ അമ്മമാർ ലാളിക്കുന്നതു പോലെ സ്നേഹപൂർവ്വം  ശാസിച്ചും കൈപിടിച്ചു നടത്തിച്ചും കാപ്പുകാട്ടെ ആന പുനരധിവാസ കേന്ദ്രത്തിൽ ഒരുക്കിയ പ്രത്യേക കൂട്ടിൽ എത്തിച്ചു.

സാധാരണ  പലയിടങ്ങളിൽ നിന്നായി ഇവിടെ എത്തിക്കുന്ന കുട്ടിയാനകളെ ചേരുവാദം ഒക്കെ  കെട്ടി വളരെ സാഹസീകമായിട്ടാണ്  വാഹനത്തിൽ നിന്നിറക്കി  കൂടുകളിൽ എത്തിക്കുന്നത്. എന്നാൽ ഇവിടെ രാജുവിന്റെ കാര്യത്തിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നുമേ ഉണ്ടായില്ല. നടന്നു പോകുമ്പോൾ അപരിചിതരെ കണ്ടു പിന്നോട്ട് പോകാൻ ശ്രമം നടത്തുമ്പോൾ നിഷാ റേച്ചൽ  രാജുവിന്റെ ചെവിയുടെ ചേർന്ന്  കാര്യം പറയും.  ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി നിഷയ്ക്കുള്ള മറുപടിയെത്തും.  കാപ്പുകാടുള്ള വനപാലകർക്കും ജീവനക്കാർക്കും വരെ അത്ഭുതമായിരുന്നു ഈ കാഴ്ച.

സ്നേഹസാന്ത്വനത്തോടെയുള്ള വാക്കും തലോടലും വാങ്ങി അനുസരണയുള്ള നല്ലൊരു കുട്ടിയായി വീണ്ടും അവൻ മുന്നോട്ടു നടക്കും. പ്രത്യേക കൂട്ടിൽ എത്തിച്ചു പിടിയൊക്കെ വിട്ടതോടെ കാപ്പുകാടുള്ള ജീവനക്കാരുടെ അടുത്ത് നിന്ന് മാറി അവൻ നേരെ ഡോക്ടറുടെ അടുത്തെത്തും. ഇതിനിടയിൽ ജീവനക്കാരൻ നൽകിയ ഒരു  കുപ്പി പാലും അകത്താക്കി. അപ്പോഴും ഡോക്ടറുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അവൻ ശബ്ദമുണ്ടാക്കിക്കൊണ്ടേയിരുന്നു.

പുതിയ ഇടം ഓടിനടന്നു കാണുന്നതിനിടെ,  ഡെപ്യൂട്ടി വാർഡൻ  സതീഷ്. ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത് എന്നിവർ ആനക്കുട്ടിയെ ഏറ്റുവാങ്ങി. ജിതിൻ, അഭിജിത്, അനിൽ, റോയ്,  രഞ്ജിത്, അൻപ്, സുന്ദർ, ജഗൻ. തുടങ്ങിയ റാപിഡ് റെസ്പോൺസ് ടീമാണ് രാത്രിയും പകലും ഇടതടവില്ലാതെ ആനക്കുട്ടിക്ക് പരിചരണം നൽകിയിരുന്നത്. ജീവന് വില കല്പിച്ചു ഒരു കുഞ്ഞു കുട്ടിക്ക് നൽകുന്ന എല്ലാ വാത്സല്യവും പരിചരണവുമാണ് ഇവർ രാജു എന്ന ഈ കുട്ടിക്കൊമ്പന് നൽകിയത്. 

മരുന്ന് പുരട്ടിയും, വേദനയിൽ പുളയുമ്പോൾ തലോടിയും ആശ്വസിപ്പിച്ചും ഒക്കെ 20 ദിവസത്തെ ഇവരുടെ സ്നേഹപരിചരണം കൊണ്ടും ആദ്യം ഉണ്ടാക്കിയ അപരിചിതത്വവും  കുറുമ്പുകളും മാറി  പെട്ടെന്ന് തന്നെ സംഘവുമായി ആനക്കുട്ടി ഇണക്കത്തിലായെന്ന്  പരിചരണങ്ങൾക്കു നേതൃത്വം നൽകിയ ഡോ.  നിഷാ റേച്ചൽ പറഞ്ഞു.  കാപ്പുകാട്ടെ  കുട്ടിക്കുറുമ്പനായി ഇവൻ ഇവിടെ വളരട്ടെ, എന്നും നിഷ പറഞ്ഞു.  രാജുവിന്റെ രീതികളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ കാപ്പുകാട് ഉദ്യോഗസ്ഥരോട് പങ്കുവച്ചാണ് സംഘം മൂന്നാറിലേക്ക് മടങ്ങിയത്.

click me!