
ആലപ്പുഴ: ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ ഐ.ടി പ്രൊഫഷണലിൽ നിന്നും പണം തട്ടിയ സംഘത്തിലെ രണ്ടുപേർകൂടി അറസ്റ്റില്‍. കോഴിക്കോട് തിരുവമ്പാടി സ്രാമ്പിക്കൽ വീട്ടിൽ മുഹമ്മദ് ലുക്മാൻ (22), മലപ്പുറം തിരൂരങ്ങാടി എ ആര്‍ നഗറിൽ തെരുവത്ത് വീട്ടിൽ വിഷ്ണുജിത്ത് ( 28) എന്നിവരെയാണ് ആലപ്പുഴ ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പത്തിയൂർ സ്വദേശിയാണ് കേസിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇയാളിൽ നിന്ന് വാങ്ങിയ പണം എടിഎം മുഖേന പിൻവലിച്ചാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.
ഈ കേസിൽ മലപ്പുറം സ്വദേശികളായ അബ്ദുൾ സലാം, അബ്ദുൾ ജലീൽ എന്നിവരെ നേരത്തെ പിടിയിലായിരുന്നു. ഒരു സ്വകാര്യ സ്‌ഥാപനത്തിന്റെ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയാണ് പ്രതികൾ ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി ആളുകളുമായി ബന്ധപ്പെട്ടതും തട്ടിപ്പ് നടത്തിയതും. പരാതിക്കാരനെ കഴിഞ്ഞ ഡിസംബർ മാസം മുതൽ ശ്രീനിധി എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. ഓഹരി വ്യാപാരം നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഒരു വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുത്തു. ഇത്ൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ശേഷം ട്രേഡിങ്ങ് നിക്ഷേപം എന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയുമായിരുന്നു.
അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ച് വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടർന്നത്. ഇത്തരത്തിൽ 15.11 ലക്ഷം രൂപയാണ് പരാതിക്കാരൻ അയച്ചുകൊടുത്തത്. തുടർന്ന് അയച്ച പണമോ ലാഭമോ പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് പണം കൊടുത്തയാളിന് തട്ടിപ്പ് ബോധ്യമായത്. പിന്നാലെ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു.
ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈഎസ്‍പി സന്തോഷ് എം.എസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എസ് ശരത് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ മാരായ ഗിരീഷ് എസ്.ആർ, റികാസ് കെ, ആരതി കെ.യു എന്നിവരടങ്ങുന്ന അന്വേഷണ സംഘം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam