
തൃശൂർ: കുറുമാലിപ്പുഴയ്ക്ക് കുറുകെ നാട്ടുകാർ മതസൗഹാർദത്തിന്‍റെ താൽക്കാലിക പാലം പണിതുയർത്തി. കാലങ്ങളായി നാട്ടുകാർ ഉണ്ടാക്കുന്ന പാലത്തിലൂടെയാണ് ക്ഷേത്ര ഉത്സവത്തിനും ആണ്ട് നേർച്ചയ്ക്കുമായി നാട്ടുകാർ അക്കര കടക്കുന്നത്.
907 ഓത്തനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന് ഇത്തവണയും കാവടികൾ എത്തിച്ചത് കാരികുളം കടവിലെ ഈ താൽക്കാലിക പാലത്തിലൂടെയാണ്. വർഷം തോറും നാട്ടുകാർ താൽക്കാലിക പാലം പണിതാണ് പുഴ കടന്ന് ഓത്തനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നത്. വരാനിരിക്കുന്ന 907 ജാറത്തിലെ ആണ്ട് നേർച്ചയ്ക്കും യാത്ര ഇതേ പാലത്തിലൂടെയാണ്. ഉത്സവവും നേർച്ചയും കഴിഞ്ഞാൽ നാട്ടുകാർ തന്നെ പാലം പൊളിച്ചു മാറ്റുകയാണ് പതിവ്. കാരികുളം കടവിൽ പാലം വേണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
1976 മുതൽ ഇവിടെ പാലത്തിനായി നിവേദനങ്ങൾ നൽകി വരുന്നുണ്ട്. കൂടാതെ സി രവീന്ദ്രനാഥ് എംഎൽഎ ആയിരിക്കുമ്പോൾ നടത്തിയ ഇടപെടലുകൾ നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. പാലം പണിയാൻ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം കമ്മീഷണറുടെ ഉത്തരവുണ്ടായിട്ടും തുടർനടപടി ഉണ്ടായില്ല.
നാട്ടുകാർക്ക് അമ്പലത്തിലേക്കും കാന്നാറ്റുപാടം സ്കൂൾ, കോടാലി, കൊടകര, അതിരപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലേക്കുമുളള എളുപ്പ മാർഗമാണ് കാരികുളം കടവിലെ പാലം. പാലം യാഥാർഥ്യമായാൽ കാരികുളംകാർക്ക് 15 മിനിറ്റു കൊണ്ട് കന്നാറ്റുപാടത്തേക്കും 20 മിനിറ്റുകൊണ്ട് കോടാലിയിലും എത്താനാകുമെന്നും അടിയന്തരമായി പാലം പണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam