അപവാദപ്രചരണത്തെ തുടര്‍ന്ന് തലപ്പുഴയിലെ കൂട്ട ആത്മഹത്യ: അയല്‍വാസി അറസ്റ്റില്‍

Published : Oct 08, 2018, 07:55 PM IST
അപവാദപ്രചരണത്തെ തുടര്‍ന്ന് തലപ്പുഴയിലെ കൂട്ട ആത്മഹത്യ: അയല്‍വാസി അറസ്റ്റില്‍

Synopsis

വയനാട്ടിലെ തലപ്പുഴ തിടങ്ങഴിയില്‍ മാതാപിതാക്കളും കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. തിടങ്ങഴി ദേവകി മന്ദിരത്തില്‍ നാരായണന്‍ (60) നെയാണ് തലപ്പുഴ എസ്.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴ തിടങ്ങഴിയില്‍ മാതാപിതാക്കളും കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. തിടങ്ങഴി ദേവകി മന്ദിരത്തില്‍ നാരായണന്‍ (60) നെയാണ് തലപ്പുഴ എസ്.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ അയല്‍വാസിയായ തോപ്പില്‍ വീട്ടില്‍ വിനോദ് (47), ഭാര്യ മിനി (40), മകള്‍ അനുശ്രീ (17), അഭിനവ് (12) എന്നിവര്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. വിനോദിനെതിരെ പരസ്ത്രീ ബന്ധമടക്കമുള്ള അപവാദം പ്രചരിപ്പിച്ചതിനാണ് നാരായണന്‍ പിടിയിലായത്. 

അപവാദപ്രചാരണം നടത്തിയതിന്റെ വിഷമത്തിലാണ് തങ്ങള്‍ മരിക്കുന്നതെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ നാരായാണനെതിരെയായിരുന്നു പരാതി ഉണ്ടായിരുന്നത്. ആറിന് രാവിലെയാണ് കുടുംബത്തിലെ നാലുപേരെയും വീടിന് സമീപത്തെ കശുമാവില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് രാത്രി തന്നെ നാരായണനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും മരണപ്പെട്ട വിനോദിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. വിനോദിന്റെ അമ്മയോട് അടക്കം നാരായണന്‍ വാസ്തവമല്ലാത്ത കാര്യങ്ങള്‍ ധരിപ്പിച്ചതായും വിനോദും ഭാര്യ മിനിയും എഴുതിയ കുറിപ്പുകളിലുണ്ടായിരുന്നു. 

അമ്മയോട് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതിലുള്ള മനോവിഷമമാണ് കുടുംബം ഒന്നടങ്കം മരിക്കാനിടയാക്കിയതെന്നാണ് കരുതുന്നത്. ഏഴ് കത്തുകളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ അഞ്ച് കുറിപ്പുകളും വിനോദ് എഴുതിയതായിരുന്നു. രണ്ട് കുറിപ്പുകള്‍ ഭാര്യ മിനിയാണ് എഴുതിയിരുന്നത്. പരസ്ത്രീ ബന്ധം ആരോപിക്കപ്പെട്ട സ്ത്രീയെ താന്‍ സഹോദരിയെ പോലെയാണ് കാണുന്നതെന്നും നാല് പേരുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് നാരായണന്റെ പറമ്പിനോട് ചേര്‍ന്നുള്ള തങ്ങളുടെ സ്ഥലത്ത് അടക്കം ചെയ്യണമെന്നും വിനോദിന്റെ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. 

ഭര്‍ത്താവിനെ പൂര്‍ണ്ണ വിശ്വാസമാണെന്നും പരസ്ത്രീ ബന്ധം പറഞ്ഞ് പരത്തിയത് അസത്യമാണെന്നും കുടുംബത്തിനുണ്ടായ മാനഹാനിയാലാണ് മരിക്കുന്നതെന്നും മിനിയുടെ കുറിപ്പിലും വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ഇന്നലെയാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്