
കല്‍പ്പറ്റ: തലപ്പുഴക്കടുത്ത് തിടങ്ങഴിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് അപവാദ പ്രചാരണത്തെ തുടര്‍ന്നെന്ന് പോലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. തിടങ്ങഴി തോപ്പില്‍ വീട്ടില്‍ വിനോദ് (47), ഭാര്യ മിനി (40), മകള്‍ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ഇന്ന് രാവിലെ ആറരയോടെ അയല്‍വാസിയുടെ പറമ്പില്‍ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരസ്ത്രീ ബന്ധമടക്കമുള്ള അപഖ്യാതികള്‍ തന്നെയും കുടുംബത്തെയും കുറിച്ച് നാട്ടില്‍ പറഞ്ഞ് പരത്തിയതിന്റെ വിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകള്‍ പോലീസിന് ലഭിച്ചു. വിനോദിന്റെ അയല്‍വാസികളിലൊരാള്‍ക്കെതിരെയാണ് കുറിപ്പുകളിലെ ആരോപണം. ഇദ്ദേഹത്തിന്റെ പേരെടുത്ത് പറയുന്ന കുറിപ്പും ലഭിച്ചിട്ടുണ്ട്. വിനോദിന്റെ അമ്മയോടും ഇയാള്‍ വാസ്തവമല്ലാത്ത കാര്യങ്ങള്‍ ധരിപ്പിച്ചതായും വിനോദും ഭാര്യ മിനിയും എഴുതിയ കുറിപ്പുകളിലുണ്ട്.
അമ്മയോട് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതിലുള്ള മനോവിഷമമാണ് കുടുംബം ഒന്നടങ്കം മരിക്കാനിടയാക്കിയത്രേ. ഇരുവരും ചേര്‍ന്ന് എഴുതിയ ഏഴ് കത്തുകളാണ് പോലീസിന് ലഭിച്ചത്. ഏഴില്‍ അഞ്ച് കുറിപ്പുകളും വിനോദ് എഴുതിയതാണെന്നാണ് പോലീസ് പറഞ്ഞു. രണ്ട് കുറിപ്പുകള്‍ ഭാര്യ മിനിയാണ് എഴുതിയിരിക്കുന്നത്. പരസ്ത്രീ ബന്ധം ആരോപിക്കപ്പെട്ട സ്ത്രീയെ താന്‍ സഹോദരിയെ പോലെയാണ് കാണുന്നതെന്നും നാല് പേരെയും ഒരുമിച്ച് കുറിപ്പില്‍ ആരോപണവിധേയനായ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നുള്ള തങ്ങളുടെ സ്ഥലത്ത് അടക്കം ചെയ്യണമെന്നും വിനോദിന്റെ കുറിപ്പിലുണ്ട്.
തന്റെ ഭര്‍ത്താവിനെ പൂര്‍ണ്ണ വിശ്വാസമാണ്. പരസ്ത്രീ ബന്ധം പറഞ്ഞ് പരത്തിയത് അസത്യമാണെന്നും കുടുംബത്തിനുണ്ടായ മാനഹാനിയാലാണ് മരിക്കുന്നതെന്നും മിനിയുടെ കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. കുറിപ്പുകളെല്ലാം കവറിലാക്കി വിനോദ് ധരിച്ചിരുന്ന ബെല്‍റ്റില്‍ തിരുകി വെച്ച നിലയിലായിരുന്നു. അതേ സമയം ആത്മഹത്യ പ്രേരണക്ക് കാരണമായ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചതിന് ശേഷമെ കുറിപ്പില്‍ സൂചിപ്പിച്ച വ്യക്തിക്കെതിരെ കേസെടുക്കുവെന്ന് തലപ്പുഴ എസ്.ഐ അനില്‍കുമാര്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇതിനായി ആദ്യം വിനോദിന്റെ അമ്മയടക്കമുള്ളവരുടെ മൊഴിയെടുക്കും. മരിച്ച നാലുപേരുടെയും പോസ്റ്റുമാര്‍ട്ടം നപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam