
വടകര: സ്വകാര്യ ബസിന്‍റെ അമിത വേഗം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ബസ് ജീവനക്കാരും പിക്കപ്പ് വാഹനത്തിലെ യാത്രക്കാരും തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് വടകര അടക്കാത്തെരുവിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പിക് അപ് വാഹനത്തില്‍ ഉരസിയിരുന്നു.
ഇത് പിക്കപ്പ് വാഹനത്തിലെ ഡ്രൈവര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബസ് ജീവനക്കാരും പിക്കപ്പ് വാഹനത്തിലെ യാത്രക്കാരും തമ്മില്‍ നടുറോഡില്‍ ഏറ്റു മുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിർത്തിയിട്ടിരിക്കുന്ന പിക്കപ്പ് വാനിനടുത്തായി വന്ന് നിർത്തുന്ന ബസിൽ നിന്നും ഇറങ്ങി ഒരാൾ പിക്കപ്പിന്റെ ബോണറ്റിൽ ഇടിക്കുന്നതും തർക്കിക്കുന്നതും പിന്നാലെ അടിപിടിയിൽ കലാശിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. തുടർന്ന് ഇരു കൂട്ടരും പരസ്പരം തല്ലുകയും നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിക്കുകയും ആയിരുന്നു. ഇതിനിടയക്ക് ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബസിൽ നിന്നിറങ്ങിയ ആൾ കല്ലുപയോഗിച്ച് അടിക്കുകയായിരുന്നു എന്നും വിഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിന് ശേഷം നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്ക തർക്കമുണ്ടാവുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam