
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽ കയറി ആക്രമണം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ സംഘം എത്തിയത്. വാഹനവിൽപനയുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
ഈ സംഘത്തിൽ ഒരു യുവതിയുമുണ്ടായിരുന്നു. യുവതിയുടെ കാർ ഇവരറിയാതെ ഭർത്താവ് അഷ്റഫിന് വിറ്റുവെന്നാണ് പറയുന്നത്. അഷ്റഫ് അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ രജിസ്ട്രേഷൻ നടപടികൾ നടന്നിരുന്നില്ല. ഈ വിവരം അറിഞ്ഞ യുവതി ആളുകളുമായി വീട്ടിലേക്ക് എത്തുകയും അഷ്റഫുമായി തർക്കത്തിലേർപ്പെടുകയും അഷ്റഫിനെയും കുടുംബത്തെയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.
വീട്ടുടമ അഷ്‌റഫ്, അമ്മ കുഞ്ഞാമിന, ഭാര്യ ബുഷ്‌റ, മകൻ റയാൻ എന്നിവരാണ് ഇപ്പോൾ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാലും വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam