താമരശ്ശേരി സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കാന്‍ കാരണമായത് സിസിടിവി ദൃശ്യങ്ങള്‍

By Web TeamFirst Published Jul 13, 2019, 8:44 PM IST
Highlights

തെളിവുകള്‍ നശിപ്പിക്കാനായി നിലത്ത് മുളക്‌പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും കണ്ടെത്തിയിരുന്നു

കോഴിക്കോട്: താമരശ്ശേരി സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ ജീനാല്‍തൊടുകയില്‍ ജെ ടി അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ മകന്‍ അബ്ദുല്‍ നഹാസ്(33) ആണ് 2018 ജൂലൈ മൂന്നിന് കൊല്ലപ്പെട്ടത്. കേസില്‍ സുഡാൻ സ്വദേശി അബ്ദുല്‍ നഹാസ് വിസയോയ്ക്കാണ് വധശിക്ഷ ലഭിച്ചത്.

ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്‌ലിസിന് സമീപമുള്ള താമസ സ്ഥലത്ത് നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. തലക്ക് അടിയേറ്റതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. തെളിവുകള്‍ നശിപ്പിക്കാനായി നിലത്ത് മുളക്‌പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയായ സുഡാനി പൗരന്‍റെ ദൃശ്യം ലഭിക്കുകയും അറസ്റ്റ് നടത്തുകയുമായിരുന്നു.

നാല് വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വന്ന അബ്ദുല്‍ നഹാസ് വിസയോ മതിയായ രേഖകളോ ഇല്ലാതെയായിരുന്നു കഴിഞ്ഞിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഹോളിവുഡ് സിനിമയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊല നടത്തിയതെന്ന് കേസിന്‍റെ വിചാരണക്കിടെ പ്രതി പറഞ്ഞിരുന്നു.

click me!