
മുഹമ്മ: ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുന്നേറുമ്പോള്‍ സ്വന്തമായി സ്ഥലമില്ലാതെ കുടിലില്‍ വൈദ്യുതിയോ ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാതെ ഒരു കുടുംബം. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ നെല്ലിശ്ശേരിവെളിയില്‍ വീട്ടില്‍ വിനോദും കുടുംബവുമാണ് ഈ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയാതെ പഞ്ചായത്തിനെ സമീപിച്ചത്. പത്താം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുളള കുടുംബത്തിന് അപേക്ഷ ലഭിച്ച ഉടന്‍ നെല്ലിശ്ശേരിവീട്ടില്‍ എത്തിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഇവരുടെ ജീവിത സാഹചര്യം കണ്ട് മനസ്സിലാക്കി സഹായ ഹസ്തം ഒരുക്കുന്നത്.
സ്വന്തം പേരില്‍ സ്ഥലമില്ലാത്തതും പണിപൂര്‍ത്തിയാകാത്ത അടിത്തറ മാത്രം കെട്ടിയ ഒരു വീടിന് സമീപം പ്ലാസ്റ്റിക് ഷീറ്റില്‍ നാല് വശവും മറച്ച കൊച്ചു കുടിലിലാണ് ഇവരുടെ താമസം. മഴയും കാറ്റും വരുമ്പോള്‍ അടുത്ത ബന്ധുവിന്റെ വീട്ടില്‍ അഭയം തേടുകയാണ് വിനോദും കുടുംബവും. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ മുതലാണ് വൈദ്യുതി ഇല്ലാത്തത് മൂലം പഠനം നടത്താന്‍ കഴിയാതെ വന്നത്. കൈവശാവകാശം സര്‍ട്ടിഫിക്കറ്റ് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നീ നൂലാമാലകളോടൊപ്പം അവകാശികളുടെ സമ്മതപത്രം കൂടി ആവശ്യപ്പെട്ടപ്പോള്‍ സ്വന്തമായി വീടും വൈദ്യുതിയും ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസവും നഷ്ട്ടപ്പെട്ട് വിഷമ സന്ധിയിലാണ് പഞ്ചായത്തിനെ സമീപിച്ചത്.
ഏറെനാളായി തൊഴില്‍ പരമായി പഞ്ചായത്തില്‍ നിന്നും മാറി താമസിക്കുന്നതിനാല്‍ കഷ്ടതയിൽ കഴിഞ്ഞ ഈ കുടുംബത്തിന് പഞ്ചായത്ത് കൈത്താങ്ങ് ഒരുക്കുകയാണ്. ചേര്‍ത്തല ഇക്ട്രിസിറ്റി അസിസ്റ്റന്റ് എകിസിക്യൂട്ടിവ് ഓഫീസറിന്റെ ചുമതലയുളള വിജയന്‍ വി.ടി യുടെ നിര്‍ദ്ദേശപ്രകാരം തണ്ണീര്‍മുക്കം അസിസ്റ്റന്റ് എഞ്ചിനീയര്‍ സന്തോഷ് കുമാറും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് സെക്രട്ടറി അബ്ദുല്‍ഖാദര്‍ അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരോടൊപ്പം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷമാരായ രേഷ്മരംഗനാഥ്, സുധര്‍മ്മസന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍ യമുന, സുനിമോള്‍, മിനി ബിജു എന്നിവര്‍ നെല്ലിശ്ശേരി വീട്ടില്‍ എത്തി.
പഞ്ചായത്തിന്റെ ഭൂരഹിത ഭവന രഹിത പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് സ്ഥലവും വീടും ഒരുക്കുന്നതിന് ആറേകാല്‍ ലക്ഷം രൂപ അനുവദിച്ച് നടപടികള്‍ക്ക് തുടക്കമിട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ വൈദ്യുതി ലഭ്യമാകുന്നതിന് അപേക്ഷ നല്‍കിയാല്‍ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ വൈദ്യുതി ലഭ്യമാക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ സന്തോഷ്‌കുമാര്‍.ആര്‍ പറഞ്ഞു. വൈദ്യുതി ലഭ്യമാക്കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ഖാദര്‍ പറഞ്ഞു. വൈദ്യുതി ലഭ്യമായാൽ അന്ന്തന്നെ പഠനത്തിന് ആവശ്യമായ ടെലിവിഷന്‍ പഞ്ചായത്ത് നല്‍കും. കൊവിഡ് മൂലം പ്രത്യേക പരിഗണന ഈകുടുംബത്തിന് നല്‍കികൊണ്ട് പഞ്ചായത്ത് കൈത്താങ്ങാവുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam