
പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടയത്. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടാഴി സ്വദേശി ആർ. സുഭാഷിനെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച വൈകീട്ട് ആറരയോടെ അടൂർ - പത്തനാപുരം റോഡിൽ മരിയ ആശുപത്രിക്ക് സമീപമായിരുന്നു ആദ്യ അപകടം. സുഭാഷ് ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചു. ഇതിൽ കാർ യാത്രക്കാരിയായ പട്ടാഴി സ്വദേശിക്ക് പരിക്കേറ്റു. എന്നാൽ വാഹനം നിർത്താതെ പോയെന്ന് നാട്ടുകാർ പറയുന്നു. ടി.ബി. ജംഗ്ഷനിൽ എത്തിയപ്പോൾ കൂടുതൽ വാഹനങ്ങളിൽ ഇടിച്ചു.
ഒടുവിൽ നാട്ടുകാർ പിന്തുടർന്ന് വാഹനം തടഞ്ഞുവെച്ച് അടൂർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. സുഭാഷ് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ച് വാഹനങ്ങളിലാണ് ഇടിച്ചത്. ഉടമസ്ഥർ പരാതി നൽകുന്നമുറയ്ക്ക് കൂടുതൽ കേസുകെടുക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam