രണ്ടാംവര്‍ഷവും വെളുകൊല്ലി വനഗ്രാമത്തിലെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിന് പുറത്ത്

By Web TeamFirst Published Jun 12, 2021, 9:37 AM IST
Highlights

കാടിന് നടുവിലായതിനാല്‍ തന്നെ മൊബൈല്‍ ടവറുകളൊന്നും സമീപത്തില്ല. മൊബൈലില്‍ സംസാരിക്കാന്‍ റെയ്ഞ്ച് കിട്ടണമെങ്കില്‍ പോലും വനത്തിനുള്ളില്‍ ഉയര്‍ന്ന ഏതെങ്കിലും ഭാഗത്തേക്ക് പോകണം

കൽപ്പറ്റ: ഏറെ വൈകിയാണെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കുന്നതിലെ അപാകത സര്‍ക്കാര്‍ പരിശോധിക്കുകയാണ്. പരിഹാരമുണ്ടാകുമെങ്കിലും ഇതിനകം തന്നെ വയനാട്ടിലെ പല ഗ്രാമങ്ങളിലും നിരവധി ക്ലാസുകള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു. പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം വെളുകൊല്ലി വനഗ്രാമത്തിലെ വിദ്യാര്‍ഥികളുടെ കൊവിഡ് കാല പഠനത്തിന്റെ ദുരിതം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഈ വര്‍ഷം മിക്ക വീടുകളിലും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിന് വേഗതയില്ലാത്തതും 
മിക്ക സമയങ്ങളിലും ഇന്റർനെറ്റ് ലഭിക്കാത്തതും കാരണം കുട്ടികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസിന് പുറത്താണ്. പാക്കം കുറുവ വനത്തിനുള്ളിലെ ഗ്രാമത്തില്‍ വയനാടന്‍ ചെട്ടി വിഭാഗത്തിലുള്‍പ്പെട്ട നൂറോളം കുടുംബങ്ങളുണ്ട്. വന്യമൃഗങ്ങളോടും പ്രകൃതിക്ഷോഭത്തോടും മല്ലിട്ട് പതിറ്റാണ്ടുകളായി ഇവിടെ കഴിയുകയാണിവര്‍. ഒന്നാം ക്ലാസ് മുതല്‍ ബിരുദം വരെ പഠിക്കുന്ന നാല്‍പ്പത് വിദ്യാര്‍ഥികളാണ് ഗ്രാമത്തിലുള്ളത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയിരുന്നാലും മൊബൈല്‍ നെറ്റ്‍വര്‍ക്ക് സമയത്തിന് ലഭ്യമാകുന്നില്ലെന്നാണ് ഇവരുടെ പരാതി.

കാടിന് നടുവിലായതിനാല്‍ തന്നെ മൊബൈല്‍ ടവറുകളൊന്നും സമീപത്തില്ല. മൊബൈലില്‍ സംസാരിക്കാന്‍ റെയ്ഞ്ച് കിട്ടണമെങ്കില്‍ പോലും വനത്തിനുള്ളില്‍ ഉയര്‍ന്ന ഏതെങ്കിലും ഭാഗത്തേക്ക് പോകണം. വീട്ടില്‍ നിന്ന് ഏറെ അകലെയുള്ള സ്ഥലത്തേക്ക് പോകാന്‍ കുട്ടികള്‍ക്കാകില്ല. പകല്‍ പോലും കടുവയും ആനയും ഭീഷണിയായ പ്രദേശം കൂടിയാണ് വെളുകൊല്ലി. പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചതാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. വൈദ്യുതി മുടങ്ങുന്നത് കാരണം ടി.വിയിലും ക്ലാസ് തുടര്‍ച്ചയായി കാണാന്‍ ആവുന്നില്ല. 

കാലാവര്‍ഷം ശക്തി പ്രാപിച്ചാല്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതും ഇവിടെ പതിവാണ്. കുറുവ ദ്വീപിലേക്കുള്ള റോഡില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചുവേണം ഗ്രാമത്തിലെത്താന്‍. എന്നാല്‍ നേരാംവണ്ണം റോഡ് പോലും ഇല്ല എന്നതാണ് സ്ഥിതി. പ്രശ്‌നങ്ങളെല്ലാം ഇത്തവണയും പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും കോളനിയിലെ വി. പ്രശാന്ത് പറഞ്ഞു. വനപ്രദേശമായതിനാല്‍ തന്നെ അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ് പാക്കം പ്രദേശം.

click me!