കടലാക്രമണ ഭീഷണിയില്‍ പൊന്നാനി തീരദേശം, വീടുകൾ നിലംപൊത്താറായി, വീടുകൾക്കുള്ളിലെത്തി കടൽവെള്ളം

Published : Jul 04, 2022, 01:00 PM IST
കടലാക്രമണ ഭീഷണിയില്‍ പൊന്നാനി തീരദേശം, വീടുകൾ നിലംപൊത്താറായി, വീടുകൾക്കുള്ളിലെത്തി കടൽവെള്ളം

Synopsis

പൊന്നാനി അഴീക്കല്‍ മുതല്‍ കാപ്പിരിക്കാട് വരെയുള്ള തീരപ്രദേശങ്ങളില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമേ സുരക്ഷിതമായ കടല്‍ ഭിത്തിയുള്ളൂ.

മലപ്പുറം: കടലാക്രമണത്തില്‍ പൊന്നാനി അഴീക്കല്‍ മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള കടല്‍ തീരത്ത് പല പ്രദേശങ്ങളിലും വെള്ളം ശക്തമായി കരയിലേക്കും വീടുകളിലേക്കും കയറി. മരക്കടവ്, മുറിഞ്ഞഴി, ഹിളര്‍ പള്ളി, അലിയാര്‍ പള്ളി പരിസരം, പാലപ്പെട്ടി, വെളിയങ്കോട് എന്നീ ഭാഗങ്ങളിലാണ്  ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് വെള്ളം കയറി തുടങ്ങിയത്.

വീടുകള്‍ക്കകത്തേക്ക് തിരയടിച്ചു കയറുകയാണ്. അടിത്തറയിളകി നില്‍ക്കുന്ന വീടുകള്‍ പലതും നിലംപൊത്തല്‍ ഭീഷണി നേരിടുന്നുണ്ട്. മുറിഞ്ഞാഴി  മരക്കടവിലും വെളിയങ്കോട് തണ്ണിത്തുറയിലും കടല്‍ഭിത്തി തകര്‍ന്ന് വെള്ളം കരയിലേക്ക് കയറി. നിരവധി വീടുകള്‍ തകര്‍ച്ചയുടെ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങള്‍ ബന്ധു വീട്ടിലേക്ക് താമസം മാറി. ചില പള്ളികളും മദ്രസകളും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. ട്രോളിംഗ് നിരോധനം കാരണം ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍  കടല്‍ക്ഷോഭം കൂടിയതോടെ കൂടുതല്‍ പ്രയാസത്തിലാകുകയാണ്.

കൂടുതല്‍ പേര്‍ക്ക് പുനര്‍ ഗേഹം പദ്ധതി പ്രകാരം പത്ത് ലക്ഷം അനുവദിച്ചിട്ടും പല വിധത്തിലുള്ള നൂലാമാലകള്‍ കാരണം ഇവര്‍  നട്ടം തിരിയുകയാണ്. പൊന്നാനി അഴീക്കല്‍ മുതല്‍ കാപ്പിരിക്കാട് വരെയുള്ള തീരപ്രദേശങ്ങളില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമേ സുരക്ഷിതമായ കടല്‍ ഭിത്തിയുള്ളൂ. കടല്‍ഭിത്തി നിര്‍മിക്കാന്‍ പേരിന് പദ്ധതികള്‍ പ്രഖ്യാപിക്കുന്നുവെന്നല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഏതാനും ചില കുടുംബങ്ങളെ പുനരധിവസിപ്പിച്ചതൊഴിച്ചാല്‍ തീരപ്രദേശത്തെ ആയിരത്തോളം കുടുംബങ്ങള്‍ ഇപ്പോഴും കടലാക്രമണ ഭീതിയില്‍ കഴിയുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം
തർക്കത്തിനിടെ നിലവിളികേട്ട് ഓടിയെത്തിയ വയോധികനെ അടിച്ചുകൊന്നു, കേസില്‍ ഒരാള്‍ പിടിയിൽ