ലോക്ക്ഡൗൺ; മിഠായിത്തെരുവിലെ കടകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി

Web Desk   | Asianet News
Published : May 11, 2020, 06:40 PM IST
ലോക്ക്ഡൗൺ; മിഠായിത്തെരുവിലെ കടകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി

Synopsis

എസ്എം സ്ട്രീറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാനല്ലാതെ ആര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. പ്രവേശന കവാടത്തില്‍ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നതും ബില്ലുകള്‍ ഹാജരാക്കത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്.

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി. 

പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പൊലീസിന് സമര്‍പ്പിച്ച ശേഷം മാത്രം കട തുറക്കേണ്ടതുമാണ്.

കടകളുടെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രവേശനം അനുവദിക്കേണ്ടത്. ഓരോ കടയും അവിടേക്ക് പ്രവേശിപ്പിക്കാനാവുന്നവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. എല്ലാ കടകളിലും 'ബ്രേക്ക് ദി ചെയിന്‍' പദ്ധതിക്ക് ആവശ്യമായ സാമഗ്രഹികള്‍ ഒരുക്കണം.
കടകളിലെ സിസിടിവി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കേണ്ടതും തിരക്ക് വിശകലനം ചെയ്യുന്നതിനായി ഇവ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.

എസ്എം സ്ട്രീറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാനല്ലാതെ ആര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. പ്രവേശന കവാടത്തില്‍ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നതും ബില്ലുകള്‍ ഹാജരാക്കത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്.
നിബന്ധനകള്‍ ലംഘിക്കപ്പെടുന്നതായി കാണുന്ന പക്ഷം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും എതിരെ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് കളക്ടര്‍ അറിയിച്ചു.

നഗരത്തില്‍ ഏറ്റവും ജനത്തിരക്കുള്ള എസ്.എം സ്ട്രീറ്റില്‍ അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കച്ചവടക്കാരും വ്യാപാരി സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ. പ്രദീപ് കൂമാര്‍, എം.കെ മുനീര്‍, വി.കെ.സി മമ്മദ് കോയ, പാറക്കല്‍ അബ്ദുല്ല, ജില്ലാ കളക്ടര്‍ സാംബശിവ റാവു എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കടകള്‍ തുറക്കാന്‍ ഉപാധികളോടെ അനുമതി നല്‍കിയത്. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ്, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, ജില്ലയിലെ മൊത്ത തുണിവ്യാപാര കേന്ദ്രങ്ങള്‍ ബഹുനില കെട്ടിടത്തിലായാലും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ ഇവിടെ ഉപഭോക്താക്കള്‍ക്ക് മെഡിക്കല്‍ സ്‌ക്രീനിംഗ് സംവിധാനം ഒരുക്കണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ