
കൊല്ലം: കൊല്ലം പള്ളിമുക്ക് കയ്യാലക്കലിൽ വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ നാട്ടുകാരെ കൗൺസിലറും ഭര്‍ത്താവും അസഭ്യം പറഞ്ഞ് ആട്ടിപ്പായിച്ചതായി പരാതി. കൊല്ലം കോര്‍പ്പറേഷൻ 35ാം വാര്‍ഡിലെ സിപിഎം കൗൺസിലര്‍ മെഹറുന്നിസയ്ക്കും ഭര്‍ത്താവിനുമെതിരെയാണ് നാട്ടുകാര്‍ പൊലീസിൽ പരാതി നൽകിയത്. വീട്ടിലെത്തി നാട്ടുകാർ മനപ്പൂർവം പ്രശ്നമുണ്ടാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് മെഹറുന്നിസയുടെ വിശദീകരണം.
വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയപ്പോൾ അധിക്ഷേപിച്ച് ഇറക്കി വിട്ട് കൗൺസിലര്‍ വീടിന്‍റെ ഗേറ്റ് പൂട്ടിയെന്നാണ് വയനാകുളം പള്ളിയ്ക്ക് ചുറ്റും താമസിക്കുന്ന നാട്ടുകാരുടെ പരാതി. കൗൺസിര്‍ ഇടപെട്ട് ഇട്ട ഇന്‍റര്‍ലോക്ക് തറയോട് പാകി നടപ്പാത നവീകരിച്ചോതോടെയാണ് വെള്ളം ഒഴുകിപ്പോകാതെ വീടുകളിലെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെ തുടർന്ന് എല്ലാ വീടുകളിലും വെള്ളം കയറി. ആളുകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതോടെയാണ് കൗൺസിലറെ കണ്ട് പരാതി പറയാനെത്തിയത്. നടപ്പാതയിലെ പൂട്ടുകട്ട ഇളക്കി മാറ്റി വെള്ളം ഒഴുക്കി വിടണമെന്നാവശ്യപ്പെട്ടപ്പോഴായിരുന്നു കൗൺസിലറുടേയും ഭര്‍ത്താവിന്‍റേയും ധാര്‍ഷ്ട്യമെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ നടപടിയെടുക്കാമെന്ന് പറഞ്ഞിട്ടും നാട്ടുകാര്‍ കൂട്ടമായി എത്തി വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് കൗൺസിലറുടെ വിശദീകരണം. കൗൺസിലർ സഹകരിക്കാത്ത സാഹചര്യത്തിൽ പൂട്ടുകട്ടകൾ പൊളിച്ച് നാട്ടുകാര്‍ തന്നെ വെള്ളം ഓടയിലേക്ക് ഒഴുക്കിവിട്ടതോടെയാണ് വെള്ളക്കെട്ട് താൽകാലികമായി കുറഞ്ഞത്.
ആഘോഷപൂർവ്വം ഉദ്ഘാടനം, ഒരു മാസത്തിനുള്ളിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കുഴി!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam