
മൂന്നാര്‍ : പ്രളയത്തില്‍ ജീവിതം വഴിമുട്ടിയ നാട്ടുകാരെ സഹായിക്കാന്‍ മൂന്നാര്‍ സ്റ്റേഷനിലെ പോലീസ് സേന മുന്നില്‍ തന്നെയുണ്ട്. ശക്തമായ മഴ ഇടുക്കിയെ തകർത്തത് മുതല്‍ സഹായഹസ്തവുമായി നാട്ടുകാര്‍ക്കൊപ്പമാണ് മൂന്നാര്‍ പോലീസ്. ഉരുള്‍പൊട്ടലും ജലപ്രവാഹവും ഇടുക്കിയുടെ താഴ്ന്ന പ്രദേശങ്ങളെ മുക്കിയപ്പോള്‍ നാട്ടുകാരെ രക്ഷപ്പെടുത്താനും പ്രളയാനന്തരം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മൂന്നാര്‍ പോലീസ് മുന്നില്‍ തന്നെയുണ്ടായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 200 വീടുകളില്‍ സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്നാര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരിപ്പോള്‍. ഇതിന്‍റെ ആദ്യപടിയായി നാല്‍പതോളം വീടുകളില്‍ അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചു. പ്രളയത്തില്‍ മുങ്ങിയ മൂന്നാര്‍ വര്‍ക് ഷോപ്പിന് സമീപത്തുള്ള വീടുകളിലായിരുന്നു അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്. അരി, പരിപ്പ്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് പോലീസിന്‍റെ നേതൃത്വത്തില്‍ വീടുകളിലെത്തിച്ചു കൊടുത്തത്.
മൂന്നാര്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം. സി.ഐ സാം ജോസ്, എസ്.ഐ വര്‍ഗ്ഗീസ്, വനിതാ പോലീസ് തുടങ്ങിയ സ്‌റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസഥരും കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തുടര്‍ച്ചയായി ഏഴ് ദിവസങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് സഹായവുമായി പോലീസ് വീടുകളിലേക്കെത്തിയത്. പ്രളയകാലത്ത് ജനങ്ങളുടെ വേദനയറിഞ്ഞ് അവരോടൊപ്പം നിന്ന പോലീസിന് ജനങ്ങളുടെയിടയില്‍ ഇപ്പോള്‍ അധികാരത്തിന്‍റെയല്ല സാഹോദര്യത്തിന്‍റെ മുഖമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam