
കോഴിക്കോട്: ബലി പെരുന്നാൾ ദിവസം കോഴിക്കോട് നാലാം ഗേറ്റിന്നടുത്തുള്ള മോഡേൺ ട്രാവൽസിന്റെ മുമ്പിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കളവ് നടത്തിയ ആൾ അറസ്റ്റൽ വയനാട് ചുണ്ടേൽ സ്വദേശി വലിയ പീടിയേക്കൽ ജംഷീർ (28) ആണ് വെള്ളയിൽ എസ്ഐ അലോഷ്യസ് അലക്സാണ്ടറും സിറ്റി നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ പ്രഥ്വിരാജന്റെ നേതൃത്വലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്. കാർ പൊലീസിന്റെ പിടിയിലാവുന്നത്.
കോഴിക്കോട് ഭാഗത്തുള്ള ഒരു ഇന്നോവ കാർ കോയമ്പത്തൂർ ഭാഗത്ത് വിൽപ്പന നടത്താനായി ഒരാൾ കൊണ്ടു നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം ഒരു ടീം കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യം മണത്തറിഞ്ഞ് മോഷ്ടിച്ച കാറുമായി കേരളത്തിലേക്ക് കടന്ന പ്രതിയുടെ നീക്കങ്ങൾ വിദഗ്ദ്ധമായി നിരീക്ഷിച്ച പൊലീസ് ആസൂത്രിതമായി നടത്തിയ നീക്കത്തിലാണ് മോഷ്ടിച്ച ഇന്നോവയുമായി ഇയാൾ പൊലീസിന്‍റെ വലയിലാവുന്നത്.
ആഗസ്റ്റ് മാസം ആധ്യം വയനാട്ടിലെ വൈത്തിരിയിൽ നിന്നും ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങളും പണവും തട്ടിയെടുത്ത് ബാംഗ്ലൂരിൽ ഉപേക്ഷിച്ച കേസ്സിൽ മുങ്ങി നടക്കവെയാണ് പ്രതി പണത്തിനായി ഇന്നോവ കാർ മോഷ്ടിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് കോഴിക്കോട് ഡ്രൈവറായി ജോലി ചെയ്ത പരിചയം വെച്ച് ഓഫീസിന്റെ വാതിൽ തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത ശേഷം കാറുമായി ഇടുക്കി വഴി കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു.
കോയമ്പത്തൂരിൽ വെച്ച് ചിലർ ഇന്നോവ കാർ പണയം വെച്ച് കൊടുത്ത് പണം നൽകാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി ആക്രമിച്ച് വണ്ടി തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നതായി പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. വെള്ളയിൽ എസ് ഐ അലോഷ്യസ് അലക്സാണ്ടർ വെള്ളയിൽ സ്റ്റേഷനിലെ സജീവൻ, സുനിൽകുമാർ,സാജൻ.എം.എസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ മുഹമ്മത് ഷാഫി.എം, സജി എം, അഖിലേഷ്.പി, പ്രപിൻ. പി, ഷാലു.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam