
ചാരുംമൂട്: അച്ചന്‍കോവിലാറ്റില്‍ നിന്നും ഒഴുകിയെത്തിയ പ്രളയം തകര്‍ത്തെറിഞ്ഞത് സാധു കുടുംബത്തിന്‍റെ കിടപ്പാടം. നൂറനാട് പഞ്ചായത്തില്‍ ഐരാണിക്കുടി തുണ്ടത്തില്‍ ശശി, സഹോദരന്‍ ഗോപി എന്നിവരുടെ വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. ദിവസങ്ങളായി ചെറുമുഖ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം എത്തിയപ്പോള്‍ വീട് പൂര്‍ണമായും തകര്‍ന്നു കിടക്കുന്നതാണ് കണ്ടത്.
ഗോപിയും മാതാവ് ലക്ഷ്മിക്കുട്ടിയമ്മയും താമസിക്കുന്ന കുടുംബ വീടിന്‍റെ ഓടിട്ട മേല്‍ക്കൂരയും ഭിത്തിയും പൂര്‍ണമായും തകര്‍ന്നു. വീടിനോട് ചേര്‍ന്ന് ശശിയും ഭാര്യ ഉഷയും മകന്‍ അശ്വന്ത് എന്നിവരും താമസിച്ചിരുന്ന ഷെഡ്ഡും തകര്‍ന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന അശ്വന്തിന്‍റെ പുസ്തകങ്ങള്‍ പൂര്‍ണമായും നശിച്ചു. ശശിയുടെ ഭാര്യ സഹോദരിയുടെ മകള്‍ രജിതയും ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
രജിതയുടെ സര്‍ട്ടിഫിക്കറ്റടക്കം ഒഴുകിപ്പോയി. ടി വിയടക്കമുള്ള വീട്ട് സാധനങ്ങള്‍ എല്ലാം തകര്‍ന്നു. ആകെയുള്ള നാല് സെന്‍റ് വസ്തുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചിരുന്ന ചെറിയ വീടായിരുന്നു ഇത്. വെള്ളപ്പൊക്കമുണ്ടായ ദിവസം ഭീതിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുമെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. വെള്ളം കയറി ഇടിഞ്ഞ് വീഴാറായ വീട്ടില്‍ നിന്നും വലിയ പാത്രങ്ങളില്‍ കയറ്റിയാണ് ഇവരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. വീഴ്ച്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ ലക്ഷ്മിക്കുട്ടിയമ്മ ഇപ്പോള്‍ മകളുടെ വീട്ടിലും ശശിയും കുടുംബവും ബന്ധുവീട്ടിലുമാണ് താമസം. വീട് തകര്‍ന്നതോടെ ഇനി എവിടെ താമസിക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam