ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിൽ കിലോയ്ക്ക് 30000 രൂപ നിരക്കിൽ വിറ്റ് അടുത്ത ദിവസം തിരിച്ച് പോകുന്ന രീതിയാണ് ഇവരുടേതെ എക്സൈസ് പറഞ്ഞു.

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സർക്കിൾ ടീമും ആലുവ റേഞ്ച് ടീമും ആലുവ ആർപിഎഫും നടത്തിയ പരിശോധനയിൽ 18 കിലോ കഞ്ചാവ് കണ്ടെത്തി. മൂന്ന് പേരെ പിടികൂടി. മറ്റൊരു സംഭവത്തിൽ 4.5 കിലോ കഞ്ചാവ് കണ്ടെത്തി. ഗോരഖ്പുർ- എറണാകുളം ട്രെയിനിൽ വന്നിറങ്ങിയ ബീഹാർ സ്വദേശികളായ മൂന്ന് പേരിൽ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗത്ത് ജനറൽ കമ്പാർട്ട്മെന്റിൽ നിന്നിറങ്ങിയ ഷോൾഡർ ബാഗുമായി നിന്ന മൂന്ന് പേർ പരിഭ്രമിച്ച് നിൽക്കുന്നത് കണ്ടാണ് പരിശോധന നടത്തിയത്. ബീഹാർ സ്വദേശികളായ എംഡി ചന്ദ്(24), എംഡി ഇർഷാദ് (19), ഗൗരവ കുമാർ(18) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് കിലോയ്ക്ക് 30000 രൂപ നിരക്കിൽ വിൽപ്പന നടത്തി അടുത്ത ദിവസം തിരിച്ച് പോകുന്ന രീതിയാണ് ഇവരുടേത്. മലയാളികൾ അടങ്ങുന്ന സംഘം കഞ്ചാവ് വാങ്ങുന്നതിനായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാത്ത് നിൽക്കാറാണ് പതിവെന്ന് എക്സൈസ് പറഞ്ഞു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും വാങ്ങുവാൻ എത്തുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഭവത്തിൽ ധൻബാദ് ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനിടെ 4.5 കിലോ കഞ്ചാവ് അടങ്ങിയ സഞ്ചി ഉപേക്ഷിച്ച നിലയിൽ പ്ലാറ്റ്ഫോമിൽ നിന്നും കണ്ടെത്തി. ഇതിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധന നടക്കുന്നത് കണ്ട് കഞ്ചാവ് ഉപേക്ഷിച്ചു ഉടമ കടന്നു കളഞ്ഞതാകുമെന്നാണ് കരുതുന്നത്. എക്സൈസ് ഇൻസ്പെക്ടർ ടിഎസ് പ്രമോദിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ആർപിഎഫ് സബ് ഇൻസ്പെക്ടർ കെഎസ് മണികണ്ഠൻ, ഇന്റലിജൻസ് എഎസ്ഐ ഫിലിപ്സ് ജോൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.ബി സജീവ് കുമാർ, പ്രിവെന്റീവ് ഓഫീസർ സി.പി ജിനേഷ് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡംഗം പ്രിവെന്റീവ് ഓഫീസർ എംഎം അരുൺ കുമാർ, ആർപിഎഫ് എച്ച്സി ജി.വിപിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, അഖിൽ ലാൽ,സോനു മോൻ,വിഷ്ണു സോമൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.ജെ ധന്യ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.